സമസ്‌ത പണ്ഡിത സമ്മേളനം: കാന്തപുരത്തിന്റെ പ്രഭാഷണത്തിലെ പ്രസക്‌ത ഭാഗങ്ങള്‍

രാഷ്‌ട്രീയ നിരക്ഷരതയും സാമൂഹിക പിന്നോക്കാവസ്‌ഥയും വിദ്യാഭ്യാസത്തിന്റെ അഭാവവും ഭരണകൂടങ്ങളുടെ തെറ്റായ അടിച്ചമര്‍ത്തല്‍ നയങ്ങളും ചേര്‍ന്നു കൂടുതല്‍ അരക്ഷിതരായി മാറുന്ന കേരളത്തിന് പുറത്തുള്ള സമൂഹത്തെ കൂടുതല്‍ മികവോടെ സംബോധന ചെയ്യാൻ സമസ്‌ത ലക്ഷ്യമിടുന്നുണ്ട്.

By Desk Reporter, Malabar News
Samastha scholars conference _ Kanthapuram Musliyar Speech
Ajwa Travels
ഫെബ്രുവരി 22 വ്യാഴാഴ്‌ച മലപ്പുറത്തു നടന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പണ്ഡിത പ്രതിനിധി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച് സമസ്‌ത ജന. സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുമായ കാന്തപുരം എപി അബൂബക്കര്‍  മുസ്‍ലിയാർ നടത്തിയ പ്രഭാഷണത്തിലെ പ്രസക്‌ത ഭാഗങ്ങൾ ചുവടെ;

ഇതര സംസ്‌ഥാന ശാക്‌തീകരണം

നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന സമസ്‌തയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ കേരളത്തിന് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ മുസ്‌ലിംകളെയും ന്യൂനപക്ഷങ്ങളെയും അവശതയനുഭവിക്കുന്ന സമൂഹത്തെയും സ്വയം പര്യാപ്‌തതയിലേക്ക് എത്തിക്കുക എന്നതാണ് സമസ്‌ത 100ആം വാര്‍ഷികത്തിന്റെ ഭാഗമായി മുന്നോട്ടുവെക്കുന്ന പ്രധാന പദ്ധതി.

വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്വയം പര്യാപ്‌ത സമൂഹം എന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കേരളത്തിന് പുറത്തെ സംസ്‌ഥാനങ്ങളില്‍ നടന്നിട്ടുള്ള വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അതിശയം ജനിപ്പിക്കുന്നതാണ്.

കേരളത്തിലേതിനു തുല്യമായ സാമൂഹിക വിദ്യാഭ്യാസ നിലവാരത്തിലേക്ക് ഇതര സംസ്‌ഥാനങ്ങളെ കൂടി കൊണ്ടുവരിക എന്ന വിശാലമായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സമസ്‌ത പ്രവര്‍ത്തിച്ചുവരുന്നത്. സമസ്‌തയുടെ ആശയാദര്‍ശങ്ങള്‍ ശിരസാവഹിക്കുന്ന സംഘടനകളിലൂടെയും സ്‌ഥാപനങ്ങളിലൂടെയുമാണ് രാജ്യത്ത് വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

രാഷ്‌ട്രീയ നിരക്ഷരതയും സാമൂഹിക പിന്നോക്കാവസ്‌ഥയും വിദ്യാഭ്യാസത്തിന്റെ അഭാവവും ഭരണകൂടങ്ങളുടെ തെറ്റായ അടിച്ചമര്‍ത്തല്‍ നയങ്ങളും ചേര്‍ന്നു കൂടുതല്‍ അരക്ഷിതവല്‍ക്കരിക്കപ്പെടുന്ന കേരളത്തിന് പുറത്തുള്ള സമൂഹത്തെ കൂടുതല്‍ മികവോടെ സംബോധന ചെയ്യാനാണ് സമസ്‌ത ലക്ഷ്യമിടുന്നത്.

Samastha scholars conference _ Kanthapuram Musliyar Speech
File Image

പ്രസ്‌ഥാനത്തിന്റെ പ്രവര്‍ത്തനം ദേശീയതലത്തില്‍ വ്യാപിപ്പിക്കുന്നതിനുള്ള ആലോചനകള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ആരംഭിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതിന്റെ പൂര്‍ത്തീകരണം ലക്ഷ്യമിട്ടുള്ള കർമ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടാണ് സമസ്‌ത മുന്നോട്ടുപോകുന്നത്.

പുതിയ കാലവും മഹല്ലുകളും

പുതിയ കാലത്തോട് സംവദിക്കാന്‍ ശേഷിയുള്ള, പുതിയ സങ്കേതങ്ങളെ ഉപയോഗിക്കാന്‍ പരിജ്‌ഞാനം നേടിയ ആയിരം പുതിയ പ്രബോധകരെ അടിയന്തര സ്വഭാവത്തോടെ സമൂഹത്തിന് സമര്‍പ്പിക്കാൻ സമസ്‌ത ലക്ഷ്യമിടുന്നുണ്ട്. കേരളത്തിലെ മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ മഹല്ലുകള്‍ക്ക് സവിശേഷമായ സ്‌ഥാനമുണ്ട്.

വിശ്വാസികളുടെ ജീവിതവുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന സംഘടനാ സംവിധാനം കൂടിയാണ് മഹല്ല് കമ്മിറ്റികള്‍. മുസ്‌ലിം ജീവിതവുമായി ബന്ധപ്പെട്ടാണ് അതിന്റെ പ്രവര്‍ത്തന മേഖല എന്നിരിക്കിലും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി സഹവര്‍ത്തിത്വത്തിന്റെ അന്തരീക്ഷം രൂപപ്പെടുത്താന്‍ മഹല്ലുകള്‍ക്ക് സാധിച്ചിട്ടുണ്ട്. പുതിയകാല രാഷ്‌ട്രീയ സാമൂഹിക സാഹചര്യങ്ങളെ സൃഷ്‍ടിപരമായി സംബോധന ചെയ്യാന്‍ കഴിയുന്ന വിധത്തിലേക്ക് മഹല്ല് സംവിധാനങ്ങളെ ശാക്‌തീകരിക്കുക സമസ്‌തയുടെ ലക്ഷ്യങ്ങളില്‍ പെടുന്നു.

Samastha scholars conference _ Kanthapuram Musliyar Speech
സമ്മേളനത്തിൽ കാന്തപുരം പ്രഭാഷണം നടത്തുന്നു

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അടക്കം ഇടപെടാന്‍ കഴിയുന്ന വിധത്തിലേക്ക് മഹല്ലുകളെ ശാക്‌തീകരിക്കാന്‍ സമസ്‌ത പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി  പ്രത്യേകമായി തിരഞ്ഞെടുത്ത കര്‍മ പരിപാടികള്‍ മഹല്ലുകളില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിലൂടെ പ്രാദേശികമായി വലിയ സാമൂഹിക വിപ്ളവം തന്നെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്രാമങ്ങളെ ചേർത്തുപിടിക്കണം

ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷ സമുദായം എന്ന നിലയില്‍ ദേശീയതലത്തില്‍ മുസ്‌ലിംകൾ നേരിടുന്ന ഏറ്റവും പ്രധാനമായ പ്രശ്‌നം എല്ലായിടങ്ങളിലും പ്രാപ്‌തരായ നേതൃത്വത്തിന്റെ കുറവാണ്. പണ്ഡിതൻമാരാല്‍ നയിക്കപ്പെടുന്നവരാണ് ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾ. എല്ലാ കാലത്തും അത് അങ്ങനെയാണ്.

കേരളത്തിലെ മുസ്‌ലിം ജീവിതത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ പണ്ഡിതന്മാരുടെ നേതൃത്വപരമായ പങ്കാളിത്തം പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ദേശീയതലത്തില്‍ ഇങ്ങനെയൊരു നേതൃത്വത്തെ രൂപപ്പെടുത്തി എടുക്കുന്നതിന് വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള പണ്ഡിതൻമാരെ ഒരുമിച്ചു ചേര്‍ത്ത് അവര്‍ക്ക് ആവശ്യമായ പരിശീലനവും ജീവിത സാഹചര്യങ്ങളും ഒരുക്കി കൊടുക്കാന്‍ വഴിയൊരുങ്ങേണ്ടതുണ്ട്.

kerala muslim jamaath _ Indian Village Rep. Image
Indian Village Rep. Image ( Ravendra Singh | Pixabay)

സമസ്‌തകേരള ജംഇയ്യത്തുല്‍ ഉലമ ആ ഉത്തരവാദിത്വം നിര്‍വഹിക്കും. നമ്മുടെ ഗ്രാമങ്ങളെ അതിന്റെ സകല സാംസ്‌കാരിക വിശുദ്ധിയോടെയും പരിപാലിക്കപ്പെടേണ്ടതുണ്ട്. നഗര ജീവിതം മിക്കപ്പോഴും വ്യക്‌തിയിലേക്ക് ചുരുങ്ങുന്നത് കാണാറുണ്ട്. അതേസമയം ഗ്രാമങ്ങളില്‍ മത ജാതി രാഷ്‌ട്രീയ ഭേദമില്ലാതെ സാമൂഹികമായ സങ്കലനവും സൗഹാര്‍ദ്ദവും ഇപ്പോഴും നിലനില്‍ക്കുന്നു. അത് നഷ്ട്ടപ്പെട്ടു പോകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ തന്നെ നിലനില്‍പ്പുമായി ബന്ധപ്പെട്ട കാര്യമാണ്.

സർക്കാർ-സംഘടനാ സഹകരണം 

കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സാമൂഹിക ശാക്‌തീകരണ പദ്ധതികളുടെ ഗുണഫലങ്ങള്‍ പലപ്പോഴും അര്‍ഹരായ ആളുകളിലേക്ക് വന്നുചേരാറില്ല. അവകാശങ്ങളെക്കുറിച്ച് ബോധമില്ലാത്തതും സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ധാരണ ഇല്ലാത്തതുമാണ് പ്രധാന വിലങ്ങുതടി. വിദ്യാഭ്യാസ മേഖലയിലെ പരിതാപകരമായ പിന്നോക്കാവസ്‌ഥ പരിഹരിച്ചു മാത്രമേ ഇത്തരം പ്രശ്‌നങ്ങൾ മറികടക്കാന്‍ കഴിയുകയുള്ളൂ.

വിവിധ സംസ്‌ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം ജമാഅത്ത് ഘടകങ്ങള്‍, മുസ്‌ലിം എജുക്കേഷനല്‍ ബോര്‍ഡ്, എസ്‌എസ്‌എഫ് ഇന്ത്യ എന്നീ സംഘടനകളെയും സംവിധാനങ്ങളെയും ഉപയോഗിച്ചുകൊണ്ട് ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കും. സര്‍ക്കാറുകളുമായി സഹകരിച്ചും സര്‍ക്കാര്‍ സഹായങ്ങള്‍ ഉപയോഗപ്പെടുത്തിയും നിയമപരമായ അംഗീകാരത്തോടെയാവും ഇത്തരം പദ്ധതികളിലേക്ക് പ്രവേശിക്കുക.

അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ഡല്‍ഹി കേന്ദ്രീകരിച്ചാണ് ദേശീയ തല പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡല്‍ഹിക്ക് പുറമെ മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു എന്നിവിടങ്ങളില്‍ സോണല്‍ ഹബ്ബുകള്‍ സ്‌ഥാപിച്ചുകൊണ്ട് ദേശീയതലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് വേഗത വര്‍ദ്ധിപ്പിക്കും.

സമസ്‌തയെ ഒരു ആശയമായി ദേശീയതലത്തില്‍ വ്യാപിപ്പിക്കുകയും കേരളത്തിനും ഇതര സംസ്‌ഥാനങ്ങള്‍ക്കുമിടയില്‍ സാമൂഹികമായ ചേര്‍ന്നുനില്‍പ്പിന്റെ പുതിയ അധ്യായങ്ങള്‍ സൃഷ്‍ടിക്കുകയുമാണ് സമസ്‌ത ലക്ഷ്യമിടുന്നത്. നിലനില്‍ക്കുന്ന രാഷ്‌ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ അരക്ഷിതമാകാതെ ആത്‌മ വിശ്വാസത്തോടു കൂടി മുന്നോട്ടു പോകാന്‍ മുസ്‌ലിം ന്യൂനപക്ഷത്തിന് നേതൃപരമായ വഴി കാണിക്കുകയാണ് സമസ്‌തക്ക് ഇക്കാലത്ത് നിര്‍വഹിക്കാനുള്ള സവിശേഷമായ ധര്‍മങ്ങളിലൊന്ന്. അത് തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ തന്നെ പ്രസ്‌ഥാനം  നിര്‍വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE