വണ്ടൂർ: മലപ്പുറത്ത് സ്വകാര്യ ബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി നിരവധി യാത്രക്കാർക്ക് പരിക്ക്. വണ്ടൂർ അമ്പലപടി പുല്ലൂർ വളവിലായിരുന്നു സംഭവം. മമ്പാട് ഭാഗത്ത് നിന്ന് വണ്ടൂരിലേക്ക് വരികയായിരുന്ന എരഞ്ഞിക്കൽ എന്ന ബസാണ് അപകടത്തിൽപെട്ടത്. രാവിലെ 9.40ഓടെയാണ് അപകടമുണ്ടായത്.
വടപുറം പട്ടിക്കാട് സംസ്‌ഥാന പാതയിലെ പുല്ലൂർ വളവിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ടത്. റോഡിനോട് ചേർന്ന കെട്ടുങ്ങൾ ബാലകൃഷ്‌ണന്റെ വീടിന്റെ മതിൽ ബസ് ഇടിച്ചുകയറിയതിനെ തുടർന്ന് പൂർണമായും തകർന്നു. വീടിനോട് തൊട്ട് ചേർന്നാണ് ബസ് ഇടിച്ചുനിന്നത്.
ബസിന്റെ മുൻഭാഗവും പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്ന് യാത്രക്കാരിൽ ചിലർ പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്‌തു. ഈ ഭാഗത്ത് അപകടങ്ങൾ പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞയാഴ്‌ച തടിയുമായി പോയ ഒരു ലോറി ഇവിടെ അപകടത്തിൽ പെട്ടിരുന്നു. അപകടങ്ങൾ തുടർ കഥയായിട്ടും കാര്യമായ പരിഹാര നടപടികൾ ഇവിടെ ഇല്ലാത്തതാണ് അപകടങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണമാവുന്നത്.
Most Read: സംസ്‌ഥാനത്തെ ഭക്ഷ്യവിഷബാധ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി







































