കൂനൂര്‍: മേട്ടുപ്പാളയത്തുനിന്ന് കൂനൂര്‍ വഴി ഊട്ടിയിലേക്കുള്ള മലമ്പാതയില്‍ വേഗനിയന്ത്രണം നടപ്പാക്കുന്നു. ഇതിനായി 18 സ്‌പീഡ് ബ്രേക്കറുകളാണ് ദേശീയപാത അതോറിറ്റി പുതിയതായി നിര്‍മിച്ചിരിക്കുന്നത്. 20 കിലോ മീറ്ററിനുള്ളില്‍ 18 സ്‌പീഡ് ബ്രേക്കറുകള്‍ വനപാതയില്‍ ആദ്യമായി ഇവിടെയാണ് നടപ്പാക്കുന്നത്. ചെന്നൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വനത്തില്‍ കൂടിയുള്ള റോഡ് യാത്രയില്‍ വേഗ നിയന്ത്രണത്തിന് സ്‌പീഡ് ബ്രേക്കറുകള്‍ സ്‌ഥാപിച്ചത്.
സാധാരണ ദേശീയപാതയില്‍ വേഗനിയന്ത്രണത്തിന് സ്‌പീഡ് ബ്രേക്കറുകള്‍ സ്‌ഥാപിക്കാറില്ലെങ്കിലും ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശം അനുസരിക്കാന്‍ തന്നെയാണ് ദേശീയപാത അതോറിറ്റി തീരുമാനിച്ചത്. മേട്ടുപ്പാളയത്തുനിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയുള്ള കല്ലാര്‍ മുതല്‍ കാട്ടേരി വരെയുള്ള പാതയില്‍ വന്യമൃഗങ്ങള്‍ കടന്നുപോകുന്ന സ്‌ഥലങ്ങളിലാണ് സ്‌പീഡ് ബ്രേക്കര്‍ നിർമാണം. വനപാലകരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഏതൊക്കെ സ്‌ഥലങ്ങളില്‍ വേണമെന്ന് തീരുമാനിക്കുന്നത്. നിലവില്‍ ആനകള്‍ കടക്കുന്ന എട്ട് സ്‌ഥലങ്ങള്‍ കണ്ടെത്തി 16 സ്‌പീഡ് ബ്രേക്കറുകള്‍ ആണ് നിര്‍മിച്ചിരിക്കുന്നതെന്ന് ദേശീയപാത നീലഗിരി ഡിവിഷണല്‍ എഞ്ചിനീയര്‍ സെല്‍വം അറിയിച്ചു.
മലമ്പാതയില്‍ കാട്ടേരി ഭാഗത്ത് റോഡ് വീതി കൂട്ടുന്ന ജോലി കഴിഞ്ഞാല്‍ രണ്ട് സ്‌പീഡ് ബ്രേക്കറുകള്‍ കൂടി സ്‌ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാല് മീറ്റര്‍ അകലത്തില്‍ രണ്ട് സ്‌പീഡ് ബ്രേക്കര്‍ ഉള്ളതുകൊണ്ട്തന്നെ വാഹനങ്ങള്‍ക്ക് വേഗം കുറക്കേണ്ടി വരും. ആനകളുടെ മരണങ്ങളും ആനത്താര കയ്യേറുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കുന്ന ചെന്നൈ ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് നേരിട്ട് സ്‌ഥലം പരിശോധിച്ചിരുന്നു. ഇവരുടെ നിർദ്ദേശമനുസരിച്ചാണ് രണ്ടു ദിവസത്തിനുള്ളില്‍ സ്‌പീഡ് ബ്രേക്കര്‍ നിര്‍മാണം പൂര്‍ത്തിയായത്. ഉടന്‍തന്നെ സ്‌പീഡ് ബ്രേക്കര്‍ ഉള്ള സ്‌ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്‌ഥാപിക്കുമെന്നും സ്‌പീഡ് ബ്രേക്കറുകളില്‍ വർണങ്ങൾ പൂശുമെന്നും ദേശീയപാത അധികൃതര്‍ അറിയിച്ചു.
Most Read: പിസി ജോർജിന്റെ അറസ്‌റ്റ്; പോലീസിനെ വിമർശിച്ച് കോടതി






































