പാലക്കാട്: വന്യമൃഗ ശല്യത്തെ തുടർന്ന് അട്ടപ്പാടി മുള്ളിയിൽ നിന്ന് ഊട്ടിയിലേക്കുള്ള പാത തമിഴ്‌നാട് സർക്കാർ അടച്ചു. വന്യമൃഗങ്ങൾ സ്‌ഥിരമായി ഇറങ്ങുന്ന മേഖലയായതിനാൽ സഞ്ചാരികളെ ഇതുവഴി കടത്തിവിടാൻ അനുവദിക്കില്ലെന്ന് കോയമ്പത്തൂർ ഡിഎഫ്ഒ അശോക് കുമാർ അറിയിച്ചു. ഇന്ന് ഉച്ചയോടെ കോയമ്പത്തൂർ ഡിഎഫ്ഒയുടെ നിർദ്ദേശ പ്രകാരം പാതയിൽ യാത്രക്കാരെ തടഞ്ഞിരുന്നു. വിനോദസഞ്ചാരികളെ മാത്രമാണ് തടയുന്നതെന്നും, തദ്ദേശീയർക്ക് യാത്രാ വിലക്ക് ഇല്ലെന്നുമാണ് വിശദീകരണം.
വിനോദ സഞ്ചാരികളടക്കം പ്രതിദിനം നൂറുകണക്കിന് ആളുകളാണ് മുള്ളി-ഊട്ടി പാതയിലൂടെ കടന്നുപോകുന്നത്. അട്ടപ്പാടി മുള്ളി ചെക്ക്പോസ്‌റ്റിൽ നിന്നും തമിഴ്‌നാട് വനമേഖലയിലുടെ മഞ്ചൂർ വഴി ഊട്ടിയിലേക്ക് പോകുന്ന പാതയിലാണ് തമിഴ്‌നാട് വനംവകുപ്പ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഊട്ടിയിലേക്ക് 60 കിലോമീറ്റർ മാത്രമാണ് ഈ വഴിയുള്ള ദൂരം. ഇക്കാരണത്താൽ വിനോദസഞ്ചാരികളിൽ പലരും ഈ പാതയാണ് യാത്രക്കായി തിരഞ്ഞെടുക്കാറുള്ളത്.
പാത വഴി സഞ്ചാരികളെ കടത്തിവിടരുതെന്ന് കഴിഞ്ഞ ആഴ്‌ച കേരളാ പോലീസ് ഔട്ട്പോസ്‌റ്റിൽ തമിഴ്‌നാട് അറിയിച്ചിരുന്നു. എന്നാൽ, സംസ്‌ഥാന തലത്തിൽ തീരുമാനം ഇല്ലാത്തതിനാൽ നടപ്പിലാക്കാൻ കഴിയില്ലെന്നാണ് കേരളാ പോലീസ് മറുപടി നൽകിയത്. പിന്നാലെയാണ് ഇന്ന് യാത്രക്കാരെ തടഞ്ഞത്. സംഭവം അറിഞ്ഞതിന് പിന്നാലെ തമിഴ്‌നാടുമായി ബന്ധപ്പെട്ട് വരികയാണെന്ന് പാലക്കാട് ജില്ലാ കളക്‌ടറുടെ ഓഫിസ് അറിയിച്ചു.
Most Read: ഈ കേസിൽ മാത്രം എന്താണിത്ര പ്രത്യേകത? തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കണം; കോടതി