തിരുവനന്തപുരം: നെടുമങ്ങാട്ടെ ഹോട്ടലിൽ നിന്ന് വാങ്ങിയ പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. നെടുമങ്ങാട്ടെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. പല ഹോട്ടലുകളിൽ നിന്നും പഴകിയ എണ്ണ ഉൾപ്പടെ പിടിച്ചെടുത്തു. ലൈസൻസ് പുതുക്കാത്ത ഹോട്ടലുകൾക്ക് അടിയന്തിരമായി നോട്ടീസ് നൽകി.
ഹോട്ടലുകളിൽ നിന്ന് പഴകിയ എണ്ണ, കുബ്ബൂസ്, ഐസ്‌ക്രീം തുടങ്ങിയവ നശിപ്പിച്ചു. ശുചിത്വമില്ലാത്ത ഹോട്ടലുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് നഗരസഭയുടെ നിലപാട്. നെടുമങ്ങാട് നഗരസഭക്ക് കീഴിലുള്ള 30ഓളം ഹോട്ടലുകളിലാണ് ഇന്ന് പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല്‍ കണ്ടത്തിയത്. നെടുമങ്ങാട് പൂവത്തൂര്‍ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയ വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്റെ അവശിഷ്‌ടം കണ്ടെത്തിയത്. മകള്‍ ഭക്ഷണം കുറച്ചു കഴിച്ച ശേഷമാണ് സംഭവം ശ്രദ്ധയിൽ പെട്ടതെന്നും തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും വിവരം അറിയിച്ചുവെന്നും പ്രിയ പറഞ്ഞു.
പരാതിയുടെ അടിസ്‌ഥാനത്തിൽ നെടുമങ്ങാട് നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് ആന്റ് സേഫ്റ്റി വിഭാഗവും സ്‌ഥത്തെത്തി നടത്തിയ പരിശോധനയില്‍ പാമ്പിന്റെ തോലാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ ഉദ്യോഗസ്‌ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്‌തു. പാമ്പിന്റെ പുറം ഭാഗം പത്രക്കടലാസില്‍ പറ്റിപിടിച്ചതാകാമെന്നാണ് അനുമാനം.
Most Read: കെഎസ്ഇബിയിലെ തർക്കം ഒത്തുതീർപ്പായി; സമരം പിൻവലിച്ചു








































