ഇതര സംസ്‌ഥാനങ്ങളിലെ മുസ്‌ലീങ്ങൾക്ക് കേരളത്തിലെ സംവരണത്തിന് അർഹതയില്ല; കോടതി

By News Desk, Malabar News
Supreme Court
Rep. Image
Ajwa Travels

ന്യൂഡെൽഹി: കേരളത്തില്‍ മുസ്‌ലിം വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്‌തിട്ടുള്ള തസ്‌തികകളിലേക്ക് ഇതര സംസ്‌ഥാനങ്ങളിലെ മുസ്‌ലിങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്ന് സുപ്രീം കോടതി. താമസിക്കുന്ന സംസ്‌ഥാനത്തെ സംവരണ സര്‍ട്ടിഫിക്കറ്റുകൊണ്ട് മറ്റൊരു സംസ്‌ഥാനത്ത് സംവരണം ലഭിക്കില്ലെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. സംവരണം ഓരോ സംസ്‌ഥാനത്തെയും സാഹചര്യങ്ങള്‍ അനുസരിച്ചാണു നിശ്‌ചയിക്കുന്നതെന്നും ജസ്‌റ്റിസുമാരായ അജയ് രസ്‌തോഗി, സിടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി.

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഐ.ടി വിഭാഗത്തില്‍ കര്‍ണാടക സ്വദേശിയായ ബി മുഹമ്മദ് ഇസ്‌മയിലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ്. സംവരണം ചെയ്യപ്പെട്ടിരുന്ന തസ്‌തികയിലേക്ക് നടന്ന മുഹമ്മദ് ഇസ്‌മയിലിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ കണ്ണൂര്‍ സര്‍വകലാശാലയും, മുഹമ്മദ് ഇസ്‌മയിലും നല്‍കിയ ഹരജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിലപാട് വ്യക്‌തമാക്കിയത്.

2018ലെ യുജിസി ചട്ടങ്ങള്‍ പ്രകാരം ദേശിയ അടിസ്‌ഥാനത്തില്‍ നടത്തിയ ഇന്റര്‍വ്യൂവിന്റെ അടിസ്‌ഥാനത്തില്‍ ആയിരുന്നു മുഹമ്മദ് ഇസ്‌മയിലിനെ നിയമിച്ചത് എന്നായിരുന്നു കണ്ണൂര്‍ സര്‍വകലാശാലയുടെ വാദം. മുസ്‌ലിം വിഭാഗം കേരളത്തിലും കര്‍ണാടകത്തിലും പിന്നോക്ക വിഭാഗമാണെന്ന് വിജ്‌ഞാപനം ചെയ്‌തിട്ടുണ്ട്. അതിനാല്‍ കര്‍ണാടക സ്വദേശിയായ മുഹമ്മദ് ഇസ്‌മയിലിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്‌തിട്ടുളള തസ്‌തികയിലേക്ക് നിയമനം നല്‍കുന്നതില്‍ തെറ്റില്ലെന്നും സര്‍വകലാശാല സുപ്രീം കോടതിയില്‍ വാദിച്ചു.

സര്‍വകലാശാലകളിലെയും കോളജുകളിലെയും നേരിട്ടുള്ള അസോഷ്യേറ്റ് പ്രഫസര്‍ ദേശീയ അടിസ്‌ഥാനത്തില്‍ നടത്തുന്ന ഇന്റര്‍വ്യൂവിനെ തുടര്‍ന്ന് തയ്യാറാക്കുന്ന മെറിറ്റ് അടിസ്‌ഥാനത്തില്‍ ആയിരിക്കണമെന്നും സര്‍വകലാശാല ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ മുസ്‌ലിം വിഭാഗത്തിലുള്ളയാളാണ് അപേക്ഷകനെന്നും മുസ്‌ലിം വിഭാഗം കേരളത്തിലും കര്‍ണാടകയിലും പിന്നോക്ക വിഭാഗമെന്നും വിജ്‌ഞാപനം ചെയ്യപ്പെട്ടതാണെന്നും സര്‍വകലാശാല അധികൃതര്‍ പറയുന്നു.

പിന്നോക്ക വിഭാഗക്കാരുടെ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്കുകാരന്‍ ആയിരുന്നു ബി മുഹമ്മദ് ഇസ്‌മയിൽ. എന്നാല്‍, ഒരു സംസ്‌ഥാനത്ത് എസ്‌സി, എസ്‌ടി, ഒബിസി വിഭാഗത്തില്‍പ്പെട്ടതാണെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ച വ്യക്‌തിക്ക് മറ്റൊരു സംസ്‌ഥാനത്ത് ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്‌ഥാനത്തില്‍ ആനുകൂല്യങ്ങള്‍ അവകാശപ്പെടാനാവില്ലെന്ന് പിന്നോക്കകാരുടെ റാങ്ക് പട്ടികയില്‍ രണ്ടാം സ്‌ഥാനക്കാരനായ അബ്‌ദുൾ ഹലീമിന്റെ അഭിഭാഷകർ വാദിച്ചു. ഇക്കാര്യം മുൻപ് കോടതികള്‍ തന്നെ വ്യക്‌തമാക്കിയിട്ടുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

Most Read: സഞ്‌ജിത്ത്‌ വധക്കേസ്; മുഖ്യസൂത്രധാരനായ അധ്യാപകൻ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE