തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാരുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക് അവസാനിച്ചു. ഇന്നലെ രാത്രിയോടെ ജീവനക്കാർ എത്തിയതിനാൽ ദീർഘദൂര ബസുകൾ ഉൾപ്പടെ സർവീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ മുതൽ ബസ് സർവീസുകൾ സാധാരണ നിലയിലാകും. കഴിഞ്ഞ മാസത്തെ ശമ്പളം അഞ്ചാം തീയതി നൽകുമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്നാണ് ജീവനക്കാർ 24 മണിക്കൂർ പണിമുടക്കിയത്. പത്താം തീയതിയെങ്കിലും ശമ്പളം കിട്ടിയില്ലെങ്കിൽ ശക്‌തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് യൂണിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ 24 മണിക്കൂർ പണിമുടക്കിയത്. സമരത്തെ നേരിടാൻ മാനേജ്‌മെന്റ് ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നു. ഭരണാനുകൂല സംഘടനയായ സിഐടിയു സമരത്തിൽ നിന്ന് വിട്ട് നിൽക്കുന്നുണ്ടെങ്കിലും പരോക്ഷ പിന്തുണയുണ്ട്. സംസ്‌ഥാനത്ത് 93 യൂണിറ്റുകളിൽ നിന്ന് പ്രതിദിനം 3700 ഷെഡ്യൂളുകളാണ് കെഎസ്‌ആർടിസിക്ക് ഉള്ളത്. ഇതിൽ 40 ശതമാനത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിച്ചു.
കാസർഗോഡ് 55 സർവീസുകളിൽ ആകെ നാലെണ്ണം മാത്രമാണ് ഓടിയത്. തൃശൂരിൽ 37 ദീർഘദൂര സർവീസുകളും മുടങ്ങി. പത്തനംതിട്ടയിൽ 199 സർവീസുകളിൽ 15 എണ്ണം മാത്രമാണ് ഓടിയത്. തിരുവനന്തപുരത്ത് നിന്ന് ഇതുവരെ രണ്ട് സർവീസുകൾ മാത്രമാണ് ഓടിയത്. കോട്ടയത്ത് നിന്ന് ഒരു ബസ് പോലും സർവീസ് നടത്തിയില്ല.കൊച്ചിയിലും കെഎസ്‌ആർടിസി സർവീസുകൾ മുടങ്ങി. കോഴിക്കോട് ഡിപ്പോയിൽ നിന്ന് ഒരു ബസ് മാത്രമാണ് പുറപ്പെട്ടത്.
Most Read: കോവിഡ്; സർക്കാർ ജീവനക്കാർക്ക് 14 ദിവസത്തെ സ്‌പെഷ്യൽ അവധിക്ക് അർഹത





































