ഭോപ്പാൽ: മധ്യപ്രദേശിലെ നീമച്ച് ജില്ലയിൽ ഭിന്നശേഷിക്കാരൻ വയോധികനെ ക്രൂരമായി കൊലപ്പെടുത്തി. ഒരു പ്രത്യേക മതത്തിൽ പെട്ടയാളാണെന്ന സംശയത്തിന്റെ പേരിലാണ് 65കാരനെ മർദ്ദിച്ച് കൊന്നത്. ഭൻവർലാൽ ജെയിൻ ആണ് കൊല്ലപ്പെട്ടത്. മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ മാനസ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിനേശ് കുശ്വാഹ എന്നയാളാണ് വയോധികനെ ആക്രമിച്ചത്. മർദ്ദിക്കുന്നതിനിടയിൽ ‘നിങ്ങളുടെ ഐഡന്റിറ്റി കാർഡ് കാണിക്കൂ’ എന്ന് ചോദിക്കുന്നത് വീഡിയോയിൽ കാണാം. അവശനായ വൃദ്ധനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കുടുംബാംഗങ്ങൾ പോലീസിനെ സമീപിച്ച്, മൃതദേഹം തിരിച്ചറിഞ്ഞു.
ഭൻവർലാൽ ജെയിൻ ഭിന്നശേഷിക്കാരനും, ഓർമ സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ ഐപിസി 302 വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
Most Read: പ്രളയക്കെടുതിയിൽ അസം; ബാധിച്ചത് 8 ലക്ഷത്തോളം ആളുകളെ







































