അബുദാബി: ലോകത്ത് വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി യുഎഇ. അബുദാബി പൊതുജനാരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് നിലവിൽ പ്രതിരോധ നടപടികൾ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ ആരോഗ്യ പരിപാലന കേന്ദ്രങ്ങളോടും നിലവിൽ കുരങ്ങുപനിക്കെതിരെ ജാഗ്രത പുലർത്താൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ യുഎഇയിൽ കുരങ്ങുപനിക്കെതിരെ പ്രതിരോധ നടപടികൾ കർശനമാക്കുന്നത്. ദുബായ് ഹെൽത്ത് അതോറിറ്റി എല്ലാ ആരോഗ്യപരിപാലന കേന്ദ്രങ്ങൾക്കും പ്രതിരോധ നടപടികൾ സംബന്ധിച്ച സർക്കുലർ വിതരണം ചെയ്‌തിട്ടുണ്ട്. ഒപ്പം തന്നെ രോഗം കണ്ടെത്തുന്നതിനും വ്യാപനം പരിമിതപ്പെടുത്തുന്നതിനുമായി യുഎഇയിൽ എല്ലാ ശ്രമങ്ങളും അധികൃതർ നടത്തുന്നുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി സ്‌ഥിരീകരിച്ചതോടെ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേർന്നിരുന്നു. ആഫ്രിക്കൻ ഭാഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതിൽ ലോകാരോഗ്യ സംഘടന ഉൾപ്പടെയുള്ള ആരോഗ്യ ഏജൻസികൾ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തു. നിലവിൽ ലോകത്തെ 12 രാജ്യങ്ങളിലായി 100 പേർക്കാണ് കുരങ്ങുപനി ഇതുവരെ സ്‌ഥിരീകരിച്ചത്.
Read also: വിസ്‌മയ കേസ് വിധി സ്വാഗതാർഹം; സർക്കാർ ഉദ്യോഗസ്‌ഥർക്ക് പാഠമാകട്ടെയെന്ന് ഗതാഗത മന്ത്രി







































