തിരുവനന്തപുരം: വിസ്‌മയ കേസിൽ കോടതി വിധി സ്വാഗതം ചെയ്‌ത് ഗതാഗത മന്ത്രി ആന്റണി രാജു. സമൂഹത്തിന് ആകെ നൽകുന്ന സന്ദേശമാണ് കോടതിയിൽ ഉണ്ടായിരിക്കുന്നതെന്നും പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ശിക്ഷ ഉറപ്പായെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഉദ്യോഗസ്‌ഥർക്ക് പാഠമാകട്ടെ എന്നും മന്ത്രി പ്രതികരിച്ചു.
ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഏകപ്രതിയായ കിരൺ കുമാർ ജയിലിലേക്ക് പോവുകയാണ്. കിരൺ കുമാറിനെതിരെ സർക്കാർ എടുത്തത് മാതൃകാപരമായ നടപടിയാണ്. കിരണിനെ പിരിച്ചുവിട്ടപ്പോൾ വിമർശനങ്ങൾ ഏറെ ഉണ്ടായിരുന്നു. എന്നാൽ, ഒരു സന്ദേശമാണ് സർക്കാർ നൽകിയത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഉദ്യോഗസ്‌ഥനും സംരക്ഷണം എന്ന വ്യക്‌തമായ സന്ദേശം നൽകാൻ സർക്കാരിനായതിനാൽ സന്തോഷം ഉണ്ടെന്നും മന്ത്രി അറിയിച്ചു.
കിരണിന് ഇനിയൊരു സർക്കാർ ജോലി പോലും ലഭിക്കാത്ത വിധത്തിൽ പഴുതടച്ച നടപടികളാണ് വകുപ്പ് തലത്തിൽ ഉണ്ടായത്. കിരണിനെതിരെ എടുത്ത നടപടി മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്‌ഥർക്ക് എതിരായ ഗാർഹിക പീഡന പരാതികളുടെ എണ്ണം കുറക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും മന്ത്രി
കൂട്ടിച്ചേർത്തു.
വിസ്‌മയ കേസിൽ പ്രതി കിരൺ കുമാറിനെതിരായ ശിക്ഷാവിധി കോടതി നാളെ പുറപ്പെടുവിക്കും. കേസിൽ വിസ്‌മയയുടെ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരൻ ആണെന്ന് കോടതി ഇന്ന് വ്യക്‌തമാക്കി. കൂടാതെ കിരണിന്റെ ജാമ്യവും കോടതി റദ്ദാക്കി. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പുറപ്പെടുവിച്ചത്.
Most Read: വിദ്വേഷ പ്രസംഗ കേസ്; ജാമ്യം തേടി പിസി ജോർജ് ഹൈക്കോടതിയിൽ