ശ്രീനഗർ: ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ പോരാട്ടം തുടരുമെന്ന് കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹ്ബൂബ മുഫ്‌തി. 14 മാസത്തെ തടവു ജീവിതത്തിനു ശേഷം ചൊവ്വാഴ്‌ച മോചിതയായ മുഫ്‌തി, ശബ്‌ദ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
“ഒരു വർഷത്തിലേറെ തടവിൽ കഴിഞ്ഞ ശേഷം എന്നെ മോചിപ്പിച്ചു. ആ കറുത്ത ദിനത്തിലെ കറുത്ത തീരുമാനം എന്റെ മനസ്സിനെ ഭാരപ്പെടുത്തി. ജമ്മു-കശ്‌മീരിലെ ജനത മുഴുവൻ എന്റെ അതേ മാനസികാവസ്‌ഥയിൽ ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സർക്കാർ കാണിച്ച അപമാനം ജനങ്ങൾക്ക് മറക്കാനാകില്ല. ഇത് നിയമവിരുദ്ധമായ തീരുമാനമാണ്, എന്നാൽ ഈ തീരുമാനം പിൻവലിപ്പിക്കുന്നതിനും പൂർവസ്‌ഥിതിയിലേക്ക് കൊണ്ടുവരുന്നതിനും ജമ്മു-കശ്‌മീർ ജനത ഏകകണ്‌ഠമായി പോരാടും. എന്നാൽ ഇത് എളുപ്പമാവില്ല,”- മെഹ്ബൂബ മുഫ്‌തി പറഞ്ഞു.
Related News: 14 മാസത്തെ വീട്ടുതടങ്കലിൽനിന്ന് മെഹ്ബൂബ മുഫ്‌തിക്ക് മോചനം
2019 ഓഗസ്‌റ്റ് 05 ന് ജമ്മു-കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തിരുന്ന മെഹ്ബൂബ മുഫ്‌തിയെ ചൊവ്വാഴ്‌ചയാണ് വിട്ടയച്ചത്. ഇവരോടൊപ്പം കസ്‌റ്റഡിയിൽ എടുത്തിരുന്ന പ്രമുഖ നേതാക്കളും മന്ത്രിമാരുമായിരുന്ന ഫാറൂഖ് അബ്‌ദുള്ള, ഒമർ അബ്‌ദുള്ള എന്നിവരെ നേരത്തേ വിട്ടയച്ചിരുന്നു. എട്ടു മാസം വീട്ടുതടങ്കലിൽ പാർപ്പിച്ച ശേഷമാണ് ഒമർ അബ്‌ദുള്ളയെ മോചിപ്പിച്ചത്. കഴിഞ്ഞ മാർച്ചിലാണ് ഇവർ പുറത്തിറങ്ങിയത്. പീപ്പിൾസ് കോൺഫറൻസ് ചെയർമാനും മുൻ മന്ത്രിയുമായ സാജദ് ലോണിനെയും അടുത്തിടെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു.
Related News: പുറത്തേക്ക് സ്വാഗതം; മെഹ്ബൂബയുടെ മോചനത്തിൽ സന്തോഷം പങ്കുവച്ച് ഒമർ അബ്‌ദുള്ള