തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ബിരിയാണി ചെമ്പുമായി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. മാർച്ച് തടഞ്ഞതോടെ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി ചാർജും ജലപീരങ്കിയും പ്രയോഗിച്ചു.
നേരത്തെ മുഖ്യമന്ത്രിയും കുടുംബവും ഉൾപ്പടെയുള്ളവർക്ക് സ്വർണക്കടത്തിൽ പങ്കെടുണ്ടെന്ന് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സിഎം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, മുൻ മന്ത്രി കെടി ജലീൽ ഇങ്ങനെ ഉള്ളവരുടെയൊക്കെ പങ്ക് വ്യക്‌തമായി മൊഴിയിൽ നൽകിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സ്വപ്‌നയുടെ ആരോപണങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കാൻ കൂട്ടാക്കിയില്ല. കനത്ത പോലീസ് സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. ഒരു മണിക്കൂർ പോലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ പിണറായി വിജയന് യോഗ്യതയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതികരിച്ചു.
Most Read: കടത്തിയത് ഒരു പെട്ടി കറൻസി, പിന്നിൽ മുഖ്യമന്ത്രിയും കുടുംബവും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ