അഞ്ചാലുംമൂട്: മഴയില്ലാഞ്ഞിട്ടും നനഞ്ഞ പുസ്തകങ്ങളുമായി ക്ളാസിൽ എത്തിയ മുഹ്സിനയെ കണ്ട് അധ്യാപികക്ക് ഉണ്ടായ ഒരു സംശയം കാരണം ഉയർന്നത് പുത്തൻ വീട്. പ്രാക്കുളം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥിനിയായ മുഹ്സിന നനഞ്ഞ പുസ്തകങ്ങളുമായി എത്തുന്നത് അധ്യാപിക സിഎസ് ഗീതാകുമാരിയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവങ്ങൾക്ക് തുടക്കമാകുന്നത്.
പിതാവ് നഷ്ടപ്പെട്ട് അമ്മയോടൊപ്പം ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു മുഹ്സിനയുടെ താമസം. വസ്ത്രവും പുസ്തകവും നനയാതെ സൂക്ഷിക്കാൻ ഒരു മുറി ശരിയാക്കി തരാമോ എന്ന് നിസഹായത്തോടെ അവൾ ടീച്ചറോട് ചോദിച്ചു. വിങ്ങുന്ന ആ ചോദ്യം ഗീതാകുമാരി ടീച്ചർ തന്റെ ഭർത്താവിനോട് പങ്കുവെച്ചു. അദ്ദേഹം അത് സ്നേഹസേനാ ചുമതലക്കാരൻ ഡോ. അനിൽ മുഹമ്മദിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വ്യവസായ പ്രമുഖന്റെ മുന്നിൽ ഡോ. അനിൽ മുഹമ്മദ് വിഷയം അവതരിപ്പിച്ചു. അദ്ദേഹം സന്തോഷത്തോടെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
ഏഴ് ലക്ഷം രൂപ ചെലവിൽ 580 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് മുഹ്സിനക്കും കുടുംബത്തിനുമായി ഒരുങ്ങിയത്. കഴിഞ്ഞ ഡിസംബർ 20ന് ശിലപാകിയ വീട് പണിപൂർത്തിയാക്കി നൽകാനായതിൽ ഏറെ സന്തോഷമുണ്ടന്ന് ഡോ. അനിൽ മുഹമ്മദ് പറഞ്ഞു. ശനിയാഴ്ച 11ന് പ്രാക്കുളത്തുവച്ച് സിആർ മഹേഷ് എംഎൽഎ മുഹ്സിനയുടെ സ്നേഹവീടിന്റെ താക്കോൽദാനം നിർവഹിക്കും. കെആർഡിഎ ചെയർമാൻ എം ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കും.
Most Read: ‘പൈസ ഇല്ലെങ്കിൽ എന്തിനാഡോ വാതിൽ പൂട്ടുന്നേ’; നിരാശയോടെ കള്ളന്റെ കത്ത്








































