യുഎഇ : ഷാര്‍ജ വിമാനത്താവളത്തില്‍ ഇനി മുതല്‍ കോവിഡ് രോഗികളെ കണ്ടെത്താന്‍ പോലീസ് നായകളേയും ഉപയോഗിക്കും. ഇതിനായി നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതായി അധികൃതര്‍ അറിയിച്ചു. ഒപ്പം തന്നെ കോവിഡ് രോഗികളെ കണ്ടെത്താന്‍ ഇത്തരം സാധ്യത പരീക്ഷിക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് യുഎഇ എന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. കോവിഡ് രോഗികളെ കണ്ടെത്താനായി പോലീസ് നായകളെ ഉപയോഗിക്കുമെന്ന് രണ്ട് മാസം മുന്‍പ് തന്നെ ഔദ്യോഗികമായി അധികൃതര്‍ വ്യക്‌തമാക്കിയിരുന്നു.
കോവിഡ് രോഗികളെ കണ്ടെത്തുന്നതിനായി പോലീസ് നായകളില്‍ പ്രത്യേക പരിശീലനങ്ങള്‍ നടത്തിയിരുന്നു. ഇതിനായി പ്രത്യേക മുറിയില്‍ സാമ്പിളുകള്‍ സജ്ജീകരിച്ചു നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതായി ഷാര്‍ജ പോലീസ് കെ9 സെക്യൂരിറ്റി ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്‌മെന്റ് തലവന്‍ ലെഫ്. കേണല്‍ ഡോ. അഹ്‌മദ് ആദില്‍ അല്‍ മാമരി വ്യക്‌തമാക്കി.
കോവിഡ് രോഗികളെ കണ്ടെത്താനായി രോഗം സംശയിക്കുന്നവരുടെ കക്ഷത്തില്‍ നിന്നെടുക്കുന്ന സാമ്പിളുകള്‍ നായകള്‍ക്ക് പരീക്ഷണത്തിനായി നല്‍കി. അത്തരത്തില്‍ നടത്തിയ പരീക്ഷണത്തില്‍ നായകള്‍ രോഗികളെ കണ്ടെത്തിയെന്നും 92 ശതമാനം കൃത്യത ഉണ്ടായിരുന്നെന്നും അധികൃതര്‍ വ്യക്‌തമാക്കുന്നുണ്ട്. മലേറിയ, ടിബി തുടങ്ങിയ രോഗങ്ങള്‍ ഉള്ള ആളുകളെ കണ്ടെത്താനും നായകളെ ഉപയോഗിക്കാനുള്ള സാദ്ധ്യതകള്‍ ഇപ്പോള്‍ പരീക്ഷിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Read also : യുഎഇ; പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു






































