തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷങ്ങളിലെ വിശദാംശങ്ങൾ ഡിജിസിഎ പരിശോധിക്കും. ഷെഡ്യൂൾ 6 പ്രകാരം ഉള്ള കുറ്റകൃത്യങ്ങൾ എന്തൊക്കെ എന്ന് കണ്ടെത്താൻ വിവരശേഖരണവും നടത്തും.
സുരക്ഷാ വീഴ്‌ച അടക്കമുള്ള വിഷയങ്ങളാണ് ഡിജിസിഎയെ പരിശോധിക്കുക. വിഷയം സംബന്ധിച്ച പൈലറ്റിന്റെ റിപ്പോർട് അടക്കം പരിശോധിക്കും. ഇൻഫ്‌ലൈറ്റ് സൂപ്പർവൈസറുടെ റിപ്പോർട്ടും വിഷയത്തിൽ ഡിജിസിഎ തേടിയിട്ടുണ്ട്. പ്രതിഷേധക്കാർക്ക് മർദ്ദനം ഏറ്റിട്ടുണ്ടോ എന്നതടക്കം വിലയിരുത്തും. വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികളുടെ കാര്യത്തിൽ ധാരണയിലെത്താനാണ് നടപടി.
ഇന്ത്യൻ എയർക്രാഫ്‌റ്റ് റൂൾ (1937), പാർട്ട് 3, ചട്ടം 23 (എ) പ്രകാരം വിമാനത്തിൽ മുദ്രാവാക്യം വിളിക്കുകയോ ബഹളം വക്കുകയോ മറ്റ് യാത്രക്കാർക്ക് ഉപദ്രവം ഉണ്ടാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. അതേസമയം, വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചതിന് പോലീസ് കേസെടുത്തു. കണ്ണൂർ സ്വദേശികളായ ഫർദീൻ മജീദ്, നവീൻ കുമാർ, സുനീത് കുമാർ എന്നിവർക്കെതിരെയാണ് കേസ്. വധശ്രമ കുറ്റത്തിന് പുറമേ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന എന്നിവയും എയർക്രാഫ്‌റ്റ് റൂൾ പ്രകാരമുള്ള വിമാനത്തിന്റെ സുരക്ഷക്ക് ഹാനി വരുത്തൽ എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
Most Read: അനുമതി ഇല്ലാതെ പ്രകടനം; ടി സിദ്ദിഖിനെതിരെ കേസ്







































