ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിൽ ഇന്നും പ്രതിഷേധം നടത്താൻ കോൺഗ്രസ് തീരുമാനം. രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ഓഫിസിൽ നിന്ന് ഇഡി ഓഫിസിലേക്ക് നേതാക്കൾ അനുഗമിക്കും. ഡെൽഹിയിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ മാർച്ചും സംഘടിപ്പിക്കും.
ഇന്ന് രാവിലെ 11 മണിയോടെ ഇഡി ഓഫീസിൽ എത്താനാണ് രാഹുൽ ഗാന്ധിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇഡിക്കെതിരെ ഇന്നലത്തേതിന് സമാനമായ രീതിയിൽ തന്നെ ഇന്നും പ്രതിഷേധം നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രവർത്തക സമിതി അംഗങ്ങളും എംപിമാരും ഒമ്പത് മണിയോടെ എഐസിസി ഓഫിസിൽ സംഘടിക്കും.
രാഹുൽഗാന്ധിയെ ചോദ്യം ചെയ്ത് തീരുന്നത് വരെ പുറത്ത് നേതാക്കൾ പ്രതിഷേധം തുടരും. സോണിയ ഗാന്ധി ഹാജരാകുന്ന ജൂൺ 23നും കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഇറങ്ങുമെന്നും നേതൃത്വം അറിയിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുൻപിൽ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഹാജരായത്. രാഹുൽ ഗാന്ധിക്കൊപ്പം ഇഡി ഓഫിസിലേക്ക് കോൺഗ്രസ് നേതാക്കൾ മാർച്ച് നടത്താൻ നീക്കം നടത്തിയെങ്കിലും ഡെൽഹി പോലീസ് ആ നീക്കം തടഞ്ഞു.
രാവിലെ 7 മണിയോടെ എഐസിസി ആസ്ഥാനത്തും ഇഡി ഓഫിസ് പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം നടത്തിയതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ള കോൺഗ്രസ് പ്രവർത്തകരെ 10 മണിക്കൂറിന് ശേഷം അർധരാത്രിയോടെയാണ് വിട്ടയച്ചത്. കെസി വേണുഗോപാൽ, പി ചിദംബരം ഉൾപ്പടെയുള്ള നേതാക്കളാണ് ഇഡി ഓഫിസിന് മുന്നിലെത്തിയത്.
Most Read: പേരാമ്പ്രയിൽ കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്







































