പത്തനംതിട്ട: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തുന്ന വെളിപ്പെടുത്തലിന് പിന്നാലെ പോകുകയല്ല തങ്ങള്‍ ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഇടതുപക്ഷം പോയത് പോലെ വെളിപ്പെടുത്തലുകളുടെ പിന്നാലെ തങ്ങള്‍ പോയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസില്‍ നീതിപൂര്‍വവും നിഷ്പക്ഷവുമായ അന്വേഷണമാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
“വെളിപ്പെടുത്തലുകളുടെ പിന്നാലെയല്ല ഞങ്ങള്‍ പോകുന്നത്. അതില്‍ വന്നിട്ടുള്ള വിഷയങ്ങളുടെ നിജസ്ഥിതി കേരള ജനത അറിയണം. അതിനാവശ്യമായ ഭാവിപരിപാടികള്‍ യുഡിഎഫ് ആവിഷ്കരിച്ച് നടപ്പാക്കും. അതിനൊപ്പം മുസ്ലിം ലീഗുമുണ്ടാകും,”- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രക്ഷോഭങ്ങളില്‍ ലീഗ് സജീവമല്ലെന്ന ആരോപണം ശരിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പിഎംഎ സലാമും പ്രതികരിച്ചു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങളിലെ വിശ്വാസ്യത എത്രയുണ്ടെന്ന് തനിക്ക് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഷയം കോണ്‍ഗ്രസ് ആഘോഷമാക്കുന്നില്ലെന്നും സതീശന് വ്യക്തമാക്കിയിരുന്നു.
Most Read: നെഹ്റു-ഗാന്ധി വംശത്തെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; ശിവസേന






































