തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി രൂക്ഷമാകുമ്പോൾ സമരം കടുപ്പിക്കാൻ തീരുമാനിച്ച് ടിഡിഎഫ്. തിങ്കളാഴ്‌ച മുതല്‍ ചീഫ് ഓഫിസിലേക്ക് ആരേയും കടത്തി വിടില്ലെന്നാണ് സംഘടന വ്യക്‌തമാക്കുന്നത്. ശമ്പളം ലഭിക്കും വരെ സമരം തുടരുമെന്നാണ് ടിഡിഎഫ് അറിയിച്ചിരിക്കുന്നത്. നിലവിൽ ടിഡിഎഫ് സമരം ആരംഭിച്ചിട്ട് 19 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്.
മാനേജ്‌മെന്റിന്റെ അശാസ്‌ത്രീയവും ഏകപക്ഷീയവുമായ ഡ്യൂട്ടി പരിഷ്‌കരണം അംഗീകരിക്കില്ലെന്ന് പറഞ്ഞാണ് ടിഡിഎഫ് ട്രാന്‍സ്‌പോര്‍ട് ഭവന് മുന്നില്‍ അനിശ്‌ചിതകാല സമരം ആരംഭിച്ചിരുന്നത്. കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവിതരണം ആരംഭിച്ചെങ്കിലും യൂണിയനുകൾ ഇപ്പോഴും പ്രതിഷേധത്തിലാണ്.
കഴിഞ്ഞ രണ്ടുമാസവും 20ന് ശേഷമാണ് ശമ്പളം നല്‍കിയത്. ഈ സാഹചര്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലും കെഎസ്ആര്‍ടിസി ആസ്‌ഥാനത്തും യൂണിറ്റുകളിലും ധര്‍ണയും റിലേ സത്യാഗ്രഹവും നടക്കുകയാണ്. ബസ് സര്‍വീസ് മുടക്കാതെയുള്ള സമരങ്ങളാണ് നിലവിൽ നടക്കുന്നത്. എന്നിട്ടും പ്രശ്‌ന പരിഹാരത്തിന് മാനേജ്‌മെന്റും സര്‍ക്കാരും ശ്രമിക്കുന്നില്ലെന്നാണ് യൂണിയനുകൾ ഉന്നയിക്കുന്ന ആരോപണം.
Read also: സ്വർണക്കടത്ത് കേസ്; പ്രതിഷേധവുമായി യുഡിഎഫ്- സെക്രട്ടറിയേറ്റ് മാർച്ച് രണ്ടിന്







































