കണ്ണൂർ: വാഹനാപകടത്തില്‍ മരിച്ചയാള്‍ക്കെതിരെ കുറ്റപത്രം. കണ്ണൂർ മയ്യിൽ പോലീസിന്റേതാണ് നടപടി. കൈവരിയില്ലാത്ത കനാലിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന് മരിക്കാനിടയായ സംഭവത്തിലാണ് പരേതനെതിരെ പിഴയും തടവും ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പിഴയടക്കാന്‍ പരേതന്റെ പേരില്‍ കുടുംബാംഗങ്ങള്‍ക്ക് നോട്ടീസും അയച്ചു.
കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് കണ്ണൂര്‍ കൊളച്ചേരി സ്വദേശി ചെങ്ങിനി ഒതയോത്ത് സിഒ ഭാസ്കരന് അപകടത്തില്‍ മരിച്ചത്. ഭാസ്കരന്റെ പേരില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ച കത്താണിത്. കത്തില്‍ പറയുന്നതിങ്ങനെ ‘താങ്കള്‍ പ്രതിയായ കേസ് വിചാരണക്ക് വെച്ചിരിക്കുകയാണ്. നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഹാജരായി പിഴയടച്ചു തീര്‍ക്കണം’. ഈ കത്ത് ലഭിച്ചപ്പോള്‍ മാത്രമാണ് കുടുംബാംഗങ്ങള്‍ കേസിന്റെ വിശദാംശങ്ങള്‍ മനസിലാക്കുന്നത്.
അശ്രദ്ധയിലും ജാഗ്രത ഇല്ലാതെയും വാഹനമോടിച്ച് അപകടം സംഭവിച്ച് മരിക്കാനിടയായതിനാല്‍ ഐപിസി 279 വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചെയ്തിരിക്കുന്നുവെന്നാണ് പോലീസ് റിപ്പോർട്. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഭാര്യയും 2 പെണ്മക്കളും അടങ്ങുന്ന കുടുംബത്തിന് ലഭിക്കേണ്ട ഇന്‍ഷുറന്‍സ് തുകയും ഇതോടെ നഷ്ടമാകുമെന്ന അവസ്ഥയിലാണ്.
Most Read: മന്ദഗതിയിലായി കോവിഡ് വാക്സിനേഷൻ; 100 കോടി ഡോസ് പാഴാകുമെന്ന് സൂചന









































