ലണ്ടൻ: ഇന്ത്യക്കെതിരായ ടെസ്‌റ്റ് മൽസരത്തിനുള്ള ഇംഗ്ളണ്ട് പ്ളേയിങ് ഇലവനെ പ്രഖ്യാപിച്ചു. വെറ്ററൻ പേസർമാരായ ജെയിംസ് ആൻഡേഴ്‌സണും സ്‌റ്റുവർട്ട് ബ്രോഡും ടീമിലുണ്ട്. പരുക്കേറ്റതിനാൽ ന്യൂസീലൻഡിനെതിരായ അവസാന ടെസ്‌റ്റ് മൽസരത്തിൽ ആൻഡേഴ്‌സൺ കളിച്ചിരുന്നില്ല. കഴിഞ്ഞ വർഷം നടന്ന നാലാമത്തെ ടെസ്‌റ്റ് മൽസരത്തിൽ കളിച്ച ടീമിലെ വെറും നാല് താരങ്ങളേ നാളത്തെ ടീമിൽ ഉൾപ്പെട്ടിട്ടുള്ളൂ.
ജോ റൂട്ട്, ഒലി പോപ്പ്, ജെയിംസ് ആൻഡേഴ്‌സൺ, ജോണി ബെയർസ്‌റ്റോ എന്നീ താരങ്ങളാണ് ഇരു പ്ളേയിങ് ഇലവനുകളിലെയും പൊതുവായ താരങ്ങൾ. നാലാം ടെസ്‌റ്റിൽ ടീമിലുണ്ടായിരുന്ന റോറി ബേൺസ്, ഹസീബ് ഹമീദ്, ഡേവിഡ് മലാൻ, മൊയീൻ അലി, ക്രിസ് വോക്‌സ്, ക്രെയ്‌ഗ് ഓവർട്ടൺ, ഒലി റോബിൻസൺ എന്നീ താരങ്ങൾ എഡ്‌ജ്‌ബാസ്‌റ്റൺ ടെസ്‌റ്റിനുള്ള ടീമിൽ ഇല്ല.
പകരം സാക്ക് ക്രൗളി, അലക്‌സ് ലീസ്, ബെൻ സ്‌റ്റോക്‌സ്, സാം ബില്ലിങ്സ്, മാത്യു പോട്ട്സ്, സ്‌റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച് എന്നിവർ ടീമിൽ ഉൾപ്പെട്ടു. നാലാം മൽസരത്തിൽ ജോ റൂട്ട് ആയിരുന്നു ക്യാപ്റ്റനെങ്കിൽ വരുന്ന മൽസരത്തിൽ ബെൻ സ്‌റ്റോക്‌സ് ആണ് ടീമിനെ നയിക്കുക.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്ക് കോവിഡ് ബാധിച്ചിരിക്കുകയാണ്. കോവിഡ് ബാധിതനായി ഐസൊലേഷനിലുള്ള താരത്തിന് ഇന്നലെ വീണ്ടും ടെസ്‌റ്റ് നടത്തിയപ്പോഴാണ് കോവിഡ് ഭേദമായിട്ടില്ലെന്ന് സ്‌ഥിരീകരിച്ചത്. താരം എഡ്‌ജ്‌ബാസ്‌റ്റൺ ടെസ്‌റ്റിൽ കളിക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. രോഹിതിന് പകരം ബുമ്ര ഇന്ത്യയെ നയിക്കും.
Read Also: പ്രതിദിന കോവിഡ് കേസുകൾ 18,000ത്തിന് മുകളിൽ; ഒരു ലക്ഷത്തിലധികം പേർ ചികിൽസയിൽ







































