പാലക്കാട്: ജില്ലയിൽ പ്രസവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ചികിൽസാ പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. പാലക്കാട് ജില്ലാ കളക്‌ടറും ജില്ലാ മെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു.
കൂടാതെ ഓഗസ്‌റ്റിൽ പാലക്കാട് ഗവൺമെന്റ് ഗസ്‌റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. പത്രവാർത്തയുടെ അടിസ്‌ഥാനത്തിൽ സ്വമേധയാ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. കഴിഞ്ഞ മാസം 29ആം തീയതിയാണ് ഐശ്വര്യയെ തങ്കം ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. തുടർന്ന് കഴിഞ്ഞ മൂന്നാം തീയതി യുവതി പ്രസവിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. പിന്നാലെ പിറ്റേന്ന് ഐശ്വര്യയും മരിക്കുകയായിരുന്നു.
പ്രസവത്തെ തുടർന്നുണ്ടായ അമിതമായ രക്‌തസ്രാവമാണ് മരണത്തിനിടയാക്കിയത് എന്നാണ് ഐശ്വര്യയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്. സംഭവത്തിന് പിന്നാലെ തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്‌ടർമാർക്കെതിരെ കേസെടുക്കുകയും ചെയ്‌തു. ഡോക്‌ടർമാരായ പ്രിയദർശിനി, നിള, അജിത് എന്നിവർക്കെതിരെയാണ് ചികിൽസാ പിഴവിന് കേസെടുത്തത്.
Read also: അധികാര ദുർവിനിയോഗം; കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ട്വിറ്റർ







































