കോഴിക്കോട്: ജില്ലയിൽ സെർവറിലെ സാങ്കേതിക തകരാറിനെ തുടർന്ന് യുജിസി നെറ്റ് പരീക്ഷ തടസപ്പെട്ടു. ചാത്തമംഗലം എൻഐടിയിലാണ് പരീക്ഷ തടസപ്പെട്ടത്. സെർവറിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പരീക്ഷ തടസപ്പെട്ടതോടെ വിദ്യാർഥികൾ പരീക്ഷാകേന്ദ്രമായ എൻഐടിക്ക് മുൻപിൽ പ്രതിഷേധിച്ചു.
ഇന്ന് രാവിലെ 9 മണിയോടെയാണ് യുജിസി നെറ്റ് പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. എന്നാൽ രാവിലെ 7.20ന് പരീക്ഷാ ഹാളിൽ കയറിയ വിദ്യാർഥികൾക്ക് ഉച്ചയ്ക്ക് 12 വരെ പരീക്ഷ എഴുതാൻ സാധിച്ചില്ല. തുടർന്ന് 12 മണിയോടെ പരീക്ഷ ആരംഭിച്ചെങ്കിലും പലർക്കും ചോദ്യം ലഭിച്ചില്ലെന്നും, ചോദ്യം ലഭിച്ചവർക്ക് അത് ഹാങ്ങായിരുന്നു എന്നും വിദ്യാർഥികൾ അറിയിച്ചു.
സെർവറിലെ തകരാർ മൂലം പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ നടത്തണമെന്നാണ് നിലവിൽ ഉയരുന്ന ആവശ്യം. ഓഗസ്റ്റിൽ നടക്കുന്ന നെറ്റ് പരീക്ഷക്കൊപ്പം തങ്ങളുടെ പരീക്ഷയും നടത്തണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.
Read also: നെയ്യാറ്റിൻകര ആശുപത്രിയിൽ നവജാതശിശു നിലത്ത് വീണു; പരാതി






































