പാലക്കാട്: പറമ്പിക്കുളം ആളിയാറിൽ ഡാമിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാടിന്റെ നീക്കം തടയുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കൂടുതൽ വെള്ളം കൊണ്ടുപോകരുതെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഈ മാസം തമിഴ്നാടുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ആളിയാർ ഡാമിൽ നിന്നും തമിഴ്നാട്ടിലെ ഒട്ടൻ ചത്രത്തിലേക്കാണ് വെള്ളം കൊണ്ടുപോകുന്നത്. ഇത് പാലക്കാട് ജില്ലയിലെ കാർഷിക മേഖലയെയും കുടിവെള്ള വിതരണത്തെയും ബാധിക്കുമെന്നാണ് ആശങ്ക. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാൽ, കർഷകർക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി അറിയിച്ചു.
വിഷയത്തിൽ സംസ്ഥാന സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ചിറ്റൂരിൽ കോൺഗ്രസ് ഏകദിന ഉപവാസം സംഘടിപ്പിച്ചു. ആളിയാർ ഡാമിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ഒട്ടൻ ചത്രത്തിലേക്ക് വലിയ പൈപ്പുകളിൽ വെള്ളം കൊണ്ടുപോകാനാണ് തമിഴ്നാടിന്റെ ശ്രമം. കുടിവെള്ള ആവശ്യം മുൻനിർത്തിയാണ് നീക്കം.
കൂടുതൽ വെള്ളം കൊണ്ടുപോകാൻതുടങ്ങിയാൽ നദീജല കരാർ പ്രകാരം കേരളത്തിന് അർഹതപ്പെട്ട വെള്ളത്തിന്റെ അളവ് കുറക്കാൻ ഇടയുണ്ടെന്നാണ് ആശങ്ക. 1970ൽ ഉണ്ടാക്കിയ നദീജല കരാറിന് എതിരുമാണ് തമിഴ്നാടിന്റെ നീക്കം. വേനൽക്കാലത്ത് ഭാരതപ്പുഴയിൽ നീരൊഴുക്ക് നിലനിർത്താനും ആളിയാർ ഡാമിലെ ജലം അനിവാര്യമാണ്. കൂടാതെ, ചിറ്റൂരിലെ നിരവധി കാർഷിക മേഖലയും ആശ്രയിക്കുന്നത് ആളിയാറിലെ വെള്ളത്തെയാണ്.
ആളിയാറിനും ഒട്ടൻ ചത്രത്തിനുമിടയിൽ തമിഴ്നാടിന്റെ ഉടമസ്ഥതയിൽ രണ്ട് കൂടിയുണ്ട്. തിരുമൂർത്തി ഡാമും അമരാവതി ഡാമും. രണ്ട് അണക്കെട്ടിൽ നിന്നും വെള്ളം എടുക്കാതെയാണ് ആളിയാറിനെ ആശ്രയിക്കുന്നത്. പ്രശ്നത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
Most Read: എൻഡോസൾഫാൻ; 47 പേർക്ക് മാത്രമേ നഷ്ടപരിഹാരം നൽകാനുള്ളൂ എന്ന് ചീഫ് സെക്രട്ടറി






































