പെരിയ: കാമ്പസിൽ രാത്രിയാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതോടെ കേന്ദ്ര സർവകലാശാലയിൽ വീണ്ടും പ്രതിഷേധങ്ങൾ ഉയരുന്നു. പരീക്ഷകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ പഠനത്തെയും കലാലയ ജീവിതത്തെയും ബാധിക്കുന്ന പുതിയ നിയന്ത്രണം ഒഴിവാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. സർവകലാശാലയിലെ 50 ശതമാനത്തിലേറെ വിദ്യാർഥികൾ ഹോസ്‌റ്റലിലും സമീപപ്രദേശങ്ങളിൽ വാടകയ്‌ക്കും താമസിക്കുന്നവരാണ്. ക്‌ളാസ് മുറിയിലെ പഠനശേഷം കാമ്പസിൽ സംഘം ചേർന്നിരുന്ന് പഠിച്ചാണ് വിദ്യാർഥികൾ പരീക്ഷയ്‌ക്ക് ഒരുങ്ങിയിരുന്നത്. പുതിയ നിയന്ത്രണം ഈ തയ്യാറെടുപ്പ് ഇല്ലാതാക്കുമെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർവകലാശാല ഹോസ്‌റ്റലിന് പുറത്തും കാമ്പസിലും രാത്രി 11ന് ശേഷം വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഉത്തരവിൽ സുരക്ഷാപ്രശ്‌നമെന്തെന്ന് വ്യക്‌തമാക്കിയിട്ടുമില്ല. എന്നാൽ, കാമ്പസിനകത്ത് വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കേണ്ട സർവകലാശാലയ്‌ക്ക് അത് സാധിക്കാത്തതിനാലാണ് ഇത്തരം ഒരു നിയമം കൊണ്ടുവന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
കഴിഞ്ഞ മാർച്ചിൽ ഹോസ്‌റ്റലുകളിലെ വെള്ളവും വെളിച്ചവും മണിക്കൂറുകളോളം മുടങ്ങിയതിനെ തുടർന്ന് അർധരാത്രി വിദ്യാർഥിനികൾ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കിടേശ്വരലു വിദ്യാർഥി സംഘവുമായി ചർച്ചനടത്തി. പ്രശ്‌ന പരിഹാരത്തോടൊപ്പം ലൈബ്രറി ഉപയോഗസമയം കൂട്ടുമെന്നും രാത്രി എട്ടിന് ശേഷവും കാമ്പസിൽ സമയം ചെലവഴിക്കാമെന്നും വി.സി. വിദ്യാർഥികളെ അറിയിച്ചിരുന്നു. എന്നാൽ, അന്ന് ഔദ്യോഗിക ഉത്തരവുകളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ സർക്കുലർ വിദ്യാർഥികൾക്ക് ലഭിച്ചത്.
Most Read: എട്ടാം ക്‌ളാസുകാരിക്ക് നേരെ അതിക്രമം; പ്രായപൂർത്തിയാകാത്ത രണ്ടുപേർക്കെതിരെ പരാതി






































