പട്ന: ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യമായ മഹാഗദ്ബന്ധൻ. കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി), ഇടത് സഖ്യമാണ് ശനിയാഴ്ച പ്രകടന പത്രിക പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആദ്യ നിയമസഭാ സമ്മേളനത്തിൽ തന്നെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുന്നതിനുള്ള ബിൽ പാസാക്കുമെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.
വാഗ്ദാനങ്ങൾക്ക് ഒപ്പം ബിജെപിക്കെതിരെ രൂക്ഷ വിമർശനവും സുർജേവാല നടത്തി. മൂന്ന് സഖ്യങ്ങളായാണ് ബിജെപി ഇത്തവണ ബിഹാർ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സുർജേവാല ആരോപിച്ചു. “ഒന്ന് ജനങ്ങൾക്ക് കാണാൻ സാധിക്കുന്ന ജനതാദളുമായി ചേർന്ന്, രണ്ടാമത്തേത് ലോക് ജനശക്തി പാർട്ടി (എൽജെപി)യുമായി ചേർന്ന്, അതും ആളുകൾ മനസ്സിലാക്കിയിട്ടുണ്ട്. മൂന്നാമത്തേത് ഉവൈസി സാഹിബിനൊപ്പം,”- സുർജേവാല പരിഹസിച്ചു.
കോൺഗ്രസ് സ്ഥാനാർഥി മസ്കൂർ ഉസ്മാനിക്ക് എതിരെ ബിജെപി നേതാവ് ഗിരിരാജ് സിങ് ഉന്നയിച്ച ആരോപണങ്ങൾക്കും സുർജേവാല മറുപടി പറഞ്ഞു. “ശ്രദ്ധ തിരിക്കാനായി വിദ്വേഷ ഫാക്റ്ററിയിൽ ബിജെപി വിവാദങ്ങൾ ഒരുക്കുകയാണ്. ഞങ്ങളുടെ സ്ഥാനാർഥി ഒരിക്കലും ജിന്നയുടെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടുന്നില്ല. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി വിദ്യാർഥി ആയിരുന്നപ്പോൾ, യൂണിവേഴ്സിറ്റിയിലേയും പാർലമെന്റ്, മഹാരാഷ്ട്ര ഹൈക്കോടതിയിൽ നിന്നും ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാൽ, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചില്ല,”- സുർജേവാല പറഞ്ഞു.
Also Read: അഞ്ചിന് യുപിയിൽ പോയ സിദ്ദീഖ് കാപ്പൻ നാലിന് രജിസ്റ്റർ ചെയ്ത കേസിലും പ്രതി
അതേസമയം, പ്രളയബാധിതരെ കാണാൻ ബിജെപി കേന്ദ്ര നേതൃത്വം ഇതുവരെ സംസ്ഥാനം സന്ദർശിച്ചിട്ടില്ലെന്ന് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് പറഞ്ഞു. “കസേര ലഭിക്കാനുള്ള ഓട്ടത്തിൽ എല്ലാവരും തിരക്കിലാണെന്ന് തോന്നുന്നു. ആളുകൾ തങ്ങളുടെ ജോലി സേവനമാണെന്ന് വലിയ തോതിൽ സംസാരിക്കുന്നു, എന്നാൽ അവർ അഴിമതിക്ക് കൂട്ടുനിൽക്കുകയാണ്,”- തേജസ്വി യാദവ് പറഞ്ഞു.









































