തിരുവനന്തപുരം: കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയതായി ഉത്തരവിറക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാന്‍സലറെന്ന നിലയില്‍ താന്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ ഗവര്‍ണര്‍ പിന്‍വലിച്ചത്. നിയമപരവും ഭരണപരവുമായ പ്രശനങ്ങളിലേക്ക് പോകുന്ന അസാധാരണ നടപടിയാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നത്.
സെനറ്റ് യോഗത്തിൽനിന്നു വിട്ടുനിന്നവർക്ക് എതിരെയായിരുന്നു ഗവർണറുടെ നടപടി. ഗവർണർ സെനറ്റിലേക്ക് നാമനിർദേശം ചെയ്ത 13 പേരിൽ 2 പേർ യോഗത്തിനെത്തിയിരുന്നു. ബാക്കി 11 പേരെയും യോഗത്തിന് എത്താത്ത 4 വകുപ്പു മേധാവികളെയുമാണ് പുറത്താക്കിയത്.
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവര്‍ണര്‍ കേരള വിസിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. വിസി ഈ ശാസനം തള്ളിയതിന് പിന്നാലെയാണ് രാജ്ഭവൻ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവൻ വൈസ് ചാന്‍സലറെ ഇക്കാര്യം രേഖാമൂലം അറിയിച്ചു.
ഗവര്‍ണര്‍ കേരള വിസിക്ക് നൽകിയ അന്ത്യശാസനത്തിന് ‘ഈ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിന്‍വലിക്കാന്‍ കഴിയില്ലെന്നും‘ വിസി മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ പുതിയ നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. പ്രതിനിധിയെ നിര്‍ദ്ദേശിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്നായിരുന്നു യോഗം. ഇതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ അസാധാരണ നടപടി.
ഈ സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും വിസി മറുപടി നല്‍കിയിരുന്നില്ല. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിര്‍ദേശിക്കാനുള്ള സുപ്രധാന യോഗത്തിന് എത്തിയവരുടെ വിശദാംശങ്ങള്‍ നല്‍കാനാണ് ഗവര്‍ണര്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നത്. ഗവര്‍ണറുടെ നോമിനികള്‍ യോഗത്തില്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ അവരെ പിന്‍വലിക്കുന്നത് രാജ്ഭവന്റെ പരിഗണനയിലായിരുന്നു.
ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 13 സാധാരണ അംഗങ്ങളും 4 വിദ്യാര്‍ഥികളുമാണ് സെനറ്റില്‍ ഉള്ളത്. ഇതില്‍ 2 സാധാരണ അംഗങ്ങള്‍ മാത്രമേ സെനറ്റ് യോഗത്തിന് എത്തിയുള്ളൂ. വിസിയുടെ വിശദീകരണം ലഭിച്ചശേഷം, നിയമോപദേശം കൂടി തേടിയതിന് ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് രാജ്ഭവൻ തീരുമാനിച്ചിരുന്നത്.

യോഗത്തില്‍ നിന്നു വിട്ടു നിന്നവരെ പിന്‍വലിച്ചതോടെ സിപിഎമ്മിലെ 2 പേരുടെ സിന്‍ഡിക്കറ്റ് അംഗത്വം നഷ്ടപ്പെടും. പ്രോ വൈസ് ചാന്‍സലറും വിട്ടു നിന്നവരില്‍ ഉള്‍പ്പെടുന്നു. എന്നാൽ, വിസി ശബരിമല ദർശനത്തിന് പോയിരിക്കുന്നതിനാലും ആർക്കും വിസിയുടെ ചുമതല കൈമാറിയിട്ടില്ലാത്ത സാഹചര്യം ഉള്ളതിനാലും ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന് രജിസ്ട്രാർ രാജ്ഭവനെ അറിയിച്ചു.
Most Read: സായിബാബ ജയിലിൽ തുടരും; കുറ്റമുക്തനാക്കിയ വിധി മരവിപ്പിച്ച് സുപ്രീംകോടതി