അഹമ്മദാബാദ്: പ്രമുഖ ഗാന്ധിയയും പൌരാവകാശ പ്രവർത്തകയും രാജ്യത്തെ ഏറ്റവും വലിയ വനിതാ സഹകരണസംഘമായ ‘സേവ, സ്‌ഥാപകയുമായ ഇള ഭട്ട് എന്ന ഇളാബെന്‍ ഭട്ട് (ഇള രമേശ് ഭട്ട്) അന്തരിച്ചു. 89 വയസായിരുന്നു പ്രായം. ഗുജറാത്തിലെ അഹമ്മദാബാദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
1985ൽ പത്‌മശ്രീയും 1986ൽ പത്‌മഭൂഷണും 2011ൽ ഗാന്ധി സമാധാന സമ്മാനവും 1977ൽ മഗ്‌ഡസെ അവാർഡും നേടിയ ഇള ഭട്ട് 1972ൽ സ്‌ഥാപിച്ചതാണ് സെൽഫ് എംപ്ളോയിസ് വിമൻസ് അസോസിയേഷൻ (സേവ). ഇന്ത്യയിലെ ദരിദ്രരും സ്വയംതൊഴിൽ ചെയ്യുന്നവരുമായ സ്‌ത്രീകൾക്കായുള്ള ഒരു തൊഴിലാളി സംഘടനയാണ് സേവ. സേവയുടെ പ്രധാനകേന്ദ്രം ഗുജറാത്തിലെ അഹമ്മദാബാദിലാണെങ്കിലും രാജ്യത്തെ മിക്ക സംസ്‌ഥാനങ്ങളിലും ഇത് പ്രവർത്തിക്കുന്നുണ്ട്. അസംഘടിത തൊഴിലാളികളിലെ ബഹഭൂരിപക്ഷമായ സ്‌ത്രീ തൊഴിലാളികൾക്കുള്ള രാജ്യത്തെ പ്രമുഖ സംഘടനയാണ് സേവ.
ഉത്തരേന്ത്യ ഉൾപ്പടെയുള്ള മിക്ക സംസ്‌ഥാനങ്ങളിലും കാണുന്ന, 1973ൽ സ്‌ഥാപിതമായ, ഇന്ത്യയിലെ ആദ്യത്തെ വനിതാ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് സേവ അഥവാ ‘സേവ ബാങ്ക്’ ഇവരുടെ സംഘടന രൂപീകരിച്ചതാണ്. സേവ ബാങ്കിന്റെ ലക്ഷ്യങ്ങളായ ദരിദ്രരായ, സ്വയംതൊഴിൽ ചെയ്യുന്ന സ്‌ത്രീകൾക്ക് വായ്‌പയും മറ്റ് സാമ്പത്തിക സേവനങ്ങളും പ്രാപ്യമാക്കുക, അതുവഴി ഗ്രാമങ്ങളിൽ വേരോട്ടം സ്‌ഥാപിച്ച പലിശക്കാരിൽ നിന്നും ഗ്രാമീണ-ദരിദ്രജനതയെ രക്ഷിക്കുക എന്നിവ ഒരുപരിധിവരെ സാധിച്ചെടുക്കാനും ഇവർക്കായി.
ഗാന്ധിജിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അഭിഭാഷക കൂടിയായ ഇള ഭട്ട് ‘സേവ’ രൂപീകരിച്ചത്. മറ്റു പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, നിയമസഹായം തുടങ്ങിയ സേവനങ്ങൾ നൽകി സ്‌ത്രീ ശാക്‌തീകരണത്തിലും സേവ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അഭിഭാഷക കൂടിയായ ഭട്ട്, സബർമതി ആശ്രമം പ്രിസർവേഷൻ ആൻഡ് മെമ്മോറിയൽ ട്രസ്‌റ്റിന്റെ ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.
മനുഷ്യാവകാശങ്ങളും സമാധാനവും ലോകവ്യാപകമായി പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി നെൽസൺ മണ്ടേല സ്‌ഥാപിച്ച ലോകനേതാക്കളുടെ കൂട്ടായ്‌മയായ ‘എൽഡേഴ്‌സിൽ’ 2007 മുതൽ പ്രവർത്തിക്കുന്നുണ്ട് ഇള ഭട്ട്. മഹാത്‌മാ ഗാന്ധി സ്‌ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്റെ ചാൻസലർ സ്‌ഥാനവും ഇവർ വഹിച്ചിരുന്നു.
ലോകബാങ്ക് പോലുള്ള അന്താരാഷ്‌ട്ര സ്‌ഥാപനങ്ങളുറെ ഉപദേശകയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. രമേഷ് ഭട്ട് ആണ് ഭർത്താവ്. മകൻ: മിഹിർ, മകൾ: അമിമയി, മരുമകൾ: റീമ നാനാവതി. മരണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.
Most Read: ബിജെപിയെ പോലെ പറ്റിക്കില്ല; ഏകീകൃത സിവിൽകോഡ് നടപ്പാക്കും -കെജ്‍രിവാൾ
































