തിരുവനന്തപുരം: ആയുർവേദ ചികിൽസക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം തടവ്. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 1,65,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
പിഴ തുക കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നൽകാനും കോടതി ഉത്തരവിട്ടു. ഒന്നാം ക്ളാസ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി കെ സനിൽകുമാറാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, ബലാൽസംഗം, ലഹരി വസ്‌തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് കോടതി ശിക്ഷ വിധിച്ചത്. ഇളവുകൾ പാടില്ലെന്ന് കോടതി നിർദ്ദേശം നൽകി.
സാഹചര്യ തെളിവുകളുടെ അടിസ്‌ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതിക്ക് വ്യക്‌തമായിരുന്നു. 2018 മാർച്ചിലാണ് ലാത്വിയൻ സ്വദേശിയായ ലിഗയെ പ്രതികൾ ക്രൂരമായി ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയത്. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച ഒരു കേസായിരുന്നു ഇത്. വിദേശ വനിതയെ കാണാനില്ലെന്ന പരാതി തുടക്കം ലാഘവബുദ്ധിയോടെയാണ് പോലീസ് കൈകാര്യം ചെയ്‌തിരുന്നത്.
കൊല്ലപ്പെട്ട യുവതി വിഷാദ രോഗിയായിരുന്നു. ചികിൽസക്കും മറ്റുമാണ് ഇവർ കേരളത്തിൽ എത്തിയത്. പതിവായ പ്രഭാത സവാരി നടത്താറുണ്ടായിരുന്നു യുവതി. ഒരു ദിവസം രാവിലെ നടക്കാനിറങ്ങിയ ലിഗ പിന്നീട് തിരിച്ചു വന്നില്ല. തുടർന്ന് ലിഗയുടെ സഹോദരി പല സ്‌ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, മുഖ്യമന്ത്രിക്കും ഡിജിപിക്കും അടക്കം പരാതി നൽകിയ സഹോദരി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹരജിയും സമർപ്പിച്ചിരുന്നു.
2018 മാർച്ച് 14ന് കാണാതായ ലിഗയുടെ മൃതദേഹം 35 ദിവസത്തിന് ശേഷം ജീർണിച്ച നിലയിൽ കോവളത്തിനടുത്തുള്ള പൊന്തക്കാട്ടിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. ലിഗയെ പ്രതികൾ ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കൊണ്ടുവന്ന ശേഷം കഞ്ചാവ് നൽകി ബലാൽസംഗം ചെയ്‌തുവെന്നും പിന്നീട് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി എന്നുമാണ് കേസ്.
സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ നവംബർ അഞ്ചിനാണ് കേസിൽ വിചാരണ തുടങ്ങിയത്. 18 സാഹചര്യ തെളിവുകൾ, 30 സാക്ഷികൾ എന്നിവ ആധാരമാക്കിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കേസിലെ രണ്ടു സാക്ഷികൾ കൂറുമാറിയിരുന്നു.
അതേസമയം, കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്‌ഥരെ ഡിജിപി അനിൽകാന്ത് അനുമോദിച്ചു. മൃതദേഹം പോസ്‌റ്റുമോർട്ടം ചെയ്‌ത പോലീസ് സർജൻ ഡോ. കെ ശശികല ഉൾപ്പടെയുള്ള സയന്റിഫിക് ഓഫീസർമാർക്കും പോലീസ് ആദരം നൽകി.
Most Read: കോഴിക്കോട് പിഎൻബി തട്ടിപ്പ്; എൽഡിഎഫ്, യുഡിഎഫ് പ്രതിഷേധം ഇന്ന്








































