തിരുവനന്തപുരം: നെല്‍കൃഷിയുടെ പ്രോല്‍സാഹനത്തിനായി നെല്‍വയല്‍ ഉടമകള്‍ക്ക് സംസ്‌ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റോയല്‍റ്റി തുകയുടെ വിതരണം അടുത്ത മാസം നടക്കും. ഇതിനായി 40 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. വിതരണോല്‍ഘാടനം നവംബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്ന ആദ്യ സംസ്‌ഥാനമാണ് കേരളം.
ഹെക്റ്ററിന് വര്‍ഷം രണ്ടായിരം രൂപ വീതമാണ് റോയല്‍റ്റി ലഭിക്കുക. അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ പണം എത്തും. 60000 പേരാണ് ഇതുവരെയായി അപേക്ഷിച്ചത്. ഇനിയും അപേക്ഷ നല്‍കാന്‍ സാധിക്കും.
നിലവില്‍ കൃഷി ഭവന്‍ വഴി നെല്‍വിത്തുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്. ഉഴവുകൂലിയായി ഒരു ഹെക്റ്ററിന് 17500 രൂപയും പ്രൊഡക്ഷന്‍ ബോണസായി 1000 രൂപയും സുസ്ഥിര വികസന ഫണ്ടില്‍നിന്ന് 1500 രൂപയും നല്‍കുന്നുണ്ട്. സബ്‌സിഡി നിരക്കില്‍ ജൈവവളവും നല്‍കുന്നു. ഇതിന് പുറമെയാണ് റോയല്‍റ്റിയും നല്‍കുന്നത്.
റോയല്‍റ്റി ലഭിക്കാന്‍ വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യണം. കൂടാതെ പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറി, എള്ള്, നിലക്കടല തുടങ്ങി നെല്‍വയലിന്റെ അടിസ്‌ഥാന സ്വഭാവത്തില്‍ മാറ്റം വരുത്താത്ത ഹ്രസ്വകാല വിള കൃഷി ചെയ്യുന്നവര്‍ക്കും റോയല്‍റ്റി ലഭിക്കും. ഓണ്‍ലൈനായി www.aims.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കാം.
Read Also: വാര്‍പ്പു മാതൃകകളെ തച്ചുടച്ച് ശ്രദ്ധ നേടി സൂരജിന്റെ പൊഴിച്ചെഴുത്ത് പാട്ട്









































