ന്യൂഡെൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സ്വതന്ത്ര സമിതിയെ കൊണ്ട് പരിശോധന നടത്തണമെന്നാണ് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെടുക. ഒരു വർഷത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാൻ നിർദ്ദേശിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
സ്വതന്ത്ര സമിതി പരിശോധന നടത്തുമ്പോൾ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പ് വരുത്തണം. പരിശോധന മുഴുവനായി വീഡിയോയിൽ ചിത്രീകരിക്കണമെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരം ആണെന്ന് വ്യക്തമാക്കി കേന്ദ്ര ജല കമ്മീഷനും മേൽനോട്ട സമിതിയും സുപ്രീം കോടതിയിൽ റിപ്പോർട് സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടും ഇന്ന് കോടതിയുടെ പരിഗണയ്ക്ക് വന്നേക്കും. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് മുല്ലപ്പെരിയാർ സുരക്ഷയുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നത്.
Most Read: ലൈഫ് മിഷൻ കോഴക്കേസ്; സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും







































