കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. പ്രതിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പത്ത് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാകും കോടതിയിൽ എത്തിക്കുക. ഇന്ന് തന്നെ പോലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. തുടർന്നാകും അന്വേഷണ സംഘം പ്രതിയെ വിശദമായി ചോദ്യം ചെയ്യുക.
കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വൈദ്യപരിശോധനക്ക് ശേഷം ഷാരൂഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരുന്നു. മഞ്ഞപ്പിത്തവും കരൾ സംബന്ധമായ ചില പ്രശ്നങ്ങളും സ്ഥിരീകരിച്ചതിനെ തുടർന്നാണ് അഡ്മിറ്റ് ചെയ്തത്. ആശുപത്രിയിൽ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് ഷാരൂഖ് സെയ്ഫി. ശരീരത്തിലേറ്റ പൊള്ളലുകൾ, മുറിവുകൾ എന്നിവയ്ക്ക് പ്രത്യേക ചികിൽസയും നൽകുന്നുണ്ട്.
ഷാരൂഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്ര ദൂരൂഹമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഡെൽഹി പോലീസ്. സബർകാന്തി എക്സ്പ്രസിൽ കേരളത്തിലേക്ക് പോയെന്നും തിരികെ മടങ്ങാൻ ശ്രമിച്ചെന്നുമായ വിഷയങ്ങൾ പരിശോധിച്ചാണ് ഡെൽഹി പോലീസ് ഈ നിലപാടിൽ എത്തിയത്. ഇയാൾ ഒരു ഘട്ടത്തിലും മുൻപ് കേരളത്തിലേക്ക് പോയിട്ടില്ലെന്ന വാദത്തോട് പോലീസിന് യോജിക്കാനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഡെൽഹി പോലീസിന് ലഭിച്ച വിവരങ്ങൾ പരിശോധിച്ചപ്പോൾ ഷാരൂഖ് സെയ്ഫി ഡെൽഹി വിട്ടു മറ്റു സംസ്ഥാനങ്ങളിലേക്ക് പോയതായി കണ്ടെത്തിയിട്ടുണ്ട്.
അജ്ഞാതമായ ഒരു സംഘത്തിന്റെ കൂട്ടായ തീരുമാനപ്രകാരമാണ് ഇയാളുടെ യാത്രയെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടാതെ, ഇയാൾ ഒറ്റയ്ക്കല്ല കേരളത്തിലേക്ക് പോയതെന്നും ഒരുപക്ഷേ സംഘത്തിലെ മറ്റുള്ളവർ ഇപ്പോഴും കേരളത്തിൽ തുടരുന്നുവെന്നും പോലീസിന് നിഗമനം ഉണ്ട്. ഈ സാഹചര്യത്തിൽ വിഷയത്തിൽ കൂടുത വ്യക്തത ഉണ്ടാക്കാൻ പ്രതിയുടെ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാനാണ് ഡെൽഹി പോലീസിന്റെ തീരുമാനം.
Most Read: അരിക്കൊമ്പൻ പറമ്പിക്കുളത്തേക്ക്; മുതലമടയിൽ ഇന്ന് സർവകക്ഷി യോഗം








































