ന്യൂഡെൽഹി: ബിജെപി എംഎൽഎ കൃഷ്‌ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ബിഎസ്‌പി എംപി അഫ്‌സൽ അൻസാരിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് കോടതി വിധി. കേസിൽ ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ ഗാസിപൂർ എംപിയാണ് അഫ്‌സൽ അൻസാരി.
ഇതേ കേസിൽ അഫ്‌സലിന്റെ സഹോദരനും രാഷ്‌ട്രീയ നേതാവുമായ മുഖ്‌താർ അൻസാരിക്ക് പത്ത് വർഷം തടവുശിക്ഷയും അഞ്ചു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസിൽ ശിക്ഷ വിധിച്ചതിനെ തുടർന്ന് അഫ്‌സൽ അൻസാരി എംപി സ്‌ഥാനത്ത് നിന്ന് അയോഗ്യനായേക്കും. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് പിറകെ അയോഗ്യനാകുന്ന എംപിയായി അഫ്‌സൽ അൻസാരിയും മാറും. പാർലമെന്റ് ചട്ടങ്ങൾപ്രകാരം, രണ്ടോ അതിൽ കൂടുതലോ വർഷം തടവ് ശിക്ഷ ലഭിച്ചാൽ ആ എംപിക്ക് ലോക്‌സഭാ അംഗത്വം നഷ്‌ടപ്പെടും.
അതേസമയം, മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ മെയ് രണ്ടിന് വാദം തുടരുമെന്ന് ഗുജറാത്ത് ഹൈക്കോടതി അറിയിച്ചു. അപ്പീലിൽ മറുപടി സമർപ്പിക്കാൻ പൂർണേഷ് മോദിക്ക് കോടതി സമയം നൽകി. കേസ് ചൊവ്വാഴ്‌ച തന്നെ തീർപ്പാക്കാമെന്നും കോടതി ഉറപ്പ് നൽകി. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിഗ്‍വിയാണ് രാഹുലിനായി ഹൈക്കോടതിയിൽ ഹാജരായത്.
രാഹുലിന് എതിരായ കേസ് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് സിഗ്‍വി കോടതിയെ അറിയിച്ചു. എവിഡൻസ് ആക്‌ട് പ്രകാരം നിലനിൽക്കുന്ന തെളിവുകൾ ഹാജരാക്കപ്പെട്ടിട്ടില്ല. കേസ് നിയമപരമായി നിലനിൽക്കുന്നതല്ല. രാഹുലിന് ഉണ്ടായ നഷ്‌ടം വളരെ വലുതാണ്. ജനങ്ങൾ തിരഞ്ഞെടുത്ത എംപിയെ ജനങ്ങളെ സേവിക്കാൻ അനുവദിക്കണമെന്നും സിഗ്‍വി കോടതിയെ ധരിപ്പിച്ചു. എന്നാൽ, രാഹുൽ സ്‌ഥാനം മറന്നുകൂടാ എന്ന് കോടതി പരാമർശിച്ചു.
പരാമർശങ്ങളും പ്രസ്‌താവനകളും നടത്തുമ്പോൾ അത് ഓർക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്‌റ്റിസ് ഹേമന്ദ് പ്രച്ഛക് ആണ് ഹരജി പരിഗണിച്ചത്. രാഹുലിന്റെ അപ്പീൽ നേരത്തെ ജസ്‌റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിന് മുന്നിലാണ് വന്നതെങ്കിലും കാരണം വ്യക്‌തമാക്കാതെ അവർ പിൻമാറിയിരുന്നു. തുടർന്നാണ് പുതിയ ബെഞ്ചിന് മുന്നിൽ ഹരജി എത്തിയത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാൽ മാത്രമേ രാഹുൽ ഗാന്ധിക്ക് നഷ്‌ടപ്പെട്ട എംപി സ്‌ഥാനം തിരിച്ചു കിട്ടുകയുള്ളൂ.
Most Read: ബ്രിജ് ഭൂഷണെ സർക്കാർ സംരക്ഷിക്കുന്നത് എന്തിന്? ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി








































