ന്യൂഡെൽഹി: ഡെൽഹിയിലെ ജന്തർ മന്തറിൽ മുൻനിര ഗുസ്‌തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി കോൺഗസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി എംപിയും ദേശീയ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഗുസ്‌തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ഇന്ന് രാവിലെ സമരപന്തലിൽ എത്തിയ പ്രിയങ്ക ഗാന്ധി, സമരത്തിന് നേത്യത്വം നൽകുന്ന ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുമായി ചർച്ച നടത്തി. ബ്രിജ് ഭൂഷണെ സർക്കാർ എന്തിനാണ് രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. പോലീസിന്റെ എഫ്‌ഐആറിൽ എന്തൊക്കെയാണ് എഴുതിയിരിക്കുന്നത് എന്ന് ആർക്കും അറിയില്ല. എന്തുകൊണ്ടാണ് അവർ അത് വെളിപ്പെടുത്താത്തതെന്നും പ്രിയങ്ക ചോദിച്ചു.
ഗുസ്‌തി താരങ്ങൾ മൽസരങ്ങളിൽ വിജയം നേടുമ്പോൾ അവരിൽ നാം അഭിമാനം കൊള്ളുന്നു. എന്നാൽ, അതേ ഗുസ്‌തി താരങ്ങൾ ഇന്ന് നീതിക്ക് വേണ്ടി തെരുവിലാണ്. സർക്കാർ ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്നത് എന്തുകൊണ്ടാണ്? പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുസ്‌തി താരങ്ങളുമായി സംസാരിക്കാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു. എന്നാൽ, രാജ്യം അവരോടൊപ്പം ഉണ്ടെന്നും, അനീതിക്കെതിരെ ഒരുമിച്ചു നിന്ന് പോരാടുന്ന ഗുസ്‌തി താരങ്ങളിൽ അഭിമാനം ഉണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
അതേസമയം, ബ്രിജ് ഭൂഷണെതിരെ കഴിഞ്ഞ ദിവസം ഡെൽഹി പോലീസ് കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത താരത്തിന്റെ ആരോപണങ്ങളിൽ പോക്‌സോ കേസും, മറ്റു പരാതികളിൽ സ്‌ത്രീകൾക്കെതിരായ അതിക്രമത്തിനുമാണ് കേസ്. എന്നാൽ, കേസെടുത്താലും സമരത്തിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിലാണ് ഗുസ്‌തി താരങ്ങൾ.
Most Read: മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും