തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മെഡിക്കൽ കോളേജ് ആശുപത്രി ചികിൽസയിൽ ഒത്തുകളിയുണ്ടെന്ന് കസ്റ്റംസ്. ഡോളർ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് ശിവശങ്കർ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിക്കാനുള്ള സാവകാശമാണ് ചികിൽസയിലൂടെ നേടുന്നതെന്നാണ് കേന്ദ്ര ഏജൻസികൾ പറയുന്നത്.
Also Read: ഭക്ഷണം മോശം; കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കോവിഡ് രോഗികളുടെ പ്രതിഷേധം
ഡിസ്കിന് തകരാറല്ലാതെ മറ്റ് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ശിവശങ്കറിന് ഇപ്പോൾ ഇല്ല. ചികിൽസയുടെ പേരിൽ സുരക്ഷിത താവളത്തിലേക്ക് മാറ്റിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘം മേലുദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. അസ്ഥിരോഗ വിഭാഗത്തിലെ ഐസിയുവിലാണ് ശിവശങ്കർ ചികിൽസയിൽ കഴിയുന്നത്. ഇവിടെ കനത്ത സുരക്ഷാ സംവിധാനമാണ് ആശുപത്രി അധികൃർ ഒരുക്കിയിട്ടുള്ളത്.
വിശ്വസ്തരായ ജീവനക്കാരെയല്ലാതെ മറ്റാരെയും അകത്തേക്ക് അധികൃതർ കടത്തിവിടുന്നില്ല. ഇന്ന് മെഡിക്കൽ ബോർഡ് ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ശേഷമാകും ശിവശങ്കറിന്റെ തുടർചികിൽസ തീരുമാനിക്കുക.







































