ന്യൂഡെൽഹി: എം ശിവശങ്കറിന് എതിരെ പുതിയ ഹരജിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹരജി സമർപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തി ശിവശങ്കര്‍ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ഇഡി ഹരജിയില്‍ ആരോപിക്കുന്നു.
ഇഡി ഡെപ്യൂട്ടി ഡയറക്‌ടറാണ് ഹരജി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നു, അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു, അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ വ്യാജ തെളിവുകളുണ്ടാക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഹരജിയില്‍ ഉന്നയിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്‌ഥർക്ക് എതിരെ കേരളാ പോലീസ് കേസെടുത്ത വിവരവും ഇഡി സുപ്രീം കോടതിയെ അറിയിച്ചു. നിയമവാഴ്‌ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സർക്കാർ തന്നെ തടസം നിൽക്കുന്നുവെന്നും ഇഡി പറയുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുവെന്നും സിവിൽ പോലീസ് ഉദ്യോഗസ്‌ഥയെ കൊണ്ട് ഇതിനായി മൊഴി നൽകിപ്പിച്ചുവെന്നും ഇഡി ആരോപിക്കുന്നു.
ലൈഫ് അഴിമതി അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ തെറ്റായ മൊഴി നൽകാൻ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന് മേൽ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന വനിതാ പോലീസ് ഉദ്യോഗസ്‌ഥരുടെ മൊഴിയിലാണ് കേസ്.
അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും ഇഡി ഹരജി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞതവണ ഈ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യം റദ്ദാക്കാനാകില്ലെന്ന നിലപാടാണ് സുപ്രീം കോടതി സമീപിച്ചത്.
Also Read: ഐഫോണ്‍ വിവാദം; വിനോദിനി ബാലകൃഷ്‍ണന് വീണ്ടും നോട്ടീസയച്ച് കസ്‌റ്റംസ്