കൊച്ചി: ഐഫോൺ വിവാദവുമായി ബന്ധപ്പെട്ട് വിനോദിനി ബാലകൃഷ്‍ണന് വീണ്ടും കസ്‌റ്റംസ് നോട്ടീസ്. കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസിൽ ഈ മാസം 23ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ലൈഫ് മിഷന്‍ ഇടപാടില്‍ കോഴ നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് .ഈപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ നിര്‍ദേശ പ്രകാരം ആറ് ഐ ഫോണുകള്‍ താൻ വാങ്ങി നല്‍കിയെന്നും യൂണിടാക് ഉടമ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അഞ്ച് ഫോണുകള്‍ ഉപയോഗിച്ചിരുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ കസ്‌റ്റംസിന് നേരത്തെ ലഭിച്ചു. ശേഷിക്കുന്ന ഒരു ഫോൺ ഉപയോഗിച്ചത് വിനോദിനിയാണ് എന്നായിരുന്നു കസ്‌റ്റംസിന്‍റെ കണ്ടെത്തല്‍.
എന്നാല്‍ വിനോദിനിക്ക് താൻ ഫോണ്‍ നല്‍കിയിട്ടില്ലെന്നാണ് സന്തോഷ് ഈപ്പൻ പറഞ്ഞത്. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്ന് വിനോദിനിയും അറിയിച്ചിരുന്നു.
അതേസമയം ഐ ഫോൺ വിവാദത്തിൽ ബോധപൂർവ്വമായി തനിക്കും കുടുംബത്തിനുമെതിരെ കഥകൾ മെനയുകയാണ് എന്നായിരുന്നു കോടിയേരി ബാലകൃഷ്‌ണന്റെ പ്രതികരണം. വിനോദിനിയുടെ കൈയ്യിൽ ഒരു ഫോൺ ഉണ്ടെന്നും അത് അവർ പണം കൊടുത്ത് വാങ്ങിയതാണെന്നും കോടിയേരി വ്യക്‌തമാക്കിയിരുന്നു. അതിന്റെ ബില്ലും അവരുടെ കൈവശമുണ്ടെന്നും വസ്‌തുത ഇതാണെന്നിരിക്കെ ഇത്തരത്തിൽ കഥയുണ്ടാക്കുന്നത് എന്തിനെന്നും കോടിയേരി ചോദിക്കുന്നു.
സംഭവത്തിൽ നേരത്തെ കൊച്ചിയിലെ കസ്‌റ്റംസ് കമ്മീഷണറേറ്റിൽ എത്താന്‍ വിനോദിനിക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
അതിനിടെ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സമ്മാനിച്ച ഐ ഫോൺ തന്റെ കൈവശമുണ്ടെന്ന മാദ്ധ്യമ വാർത്തകളുടെ നിജസ്‌ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിനോദിനി സംസ്‌ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. വിവാദ ഇടപാടിലെ ഐ ഫോണിൽ തന്റെ സിംകാർഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് സാങ്കേതികമായി പരിശോധിക്കണമെന്നാണ് ആവശ്യം. സ്വന്തം ഫോൺ നമ്പർ സഹിതമാണ് പരാതി നൽകിയത്.
Read Also: കളമശ്ശേരി മുസ്‌ലിം ലീഗ് സ്‌ഥാനാർഥിത്വം; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പി രാജീവ്