ന്യൂഡെൽഹി: സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അധികാര തർക്കത്തിൽ സമവായമാകാത്തതാണ് കടുത്ത നിലപട് സ്വീകരിക്കാൻ കാരണം. സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കും. പിതാവായ രാജേഷ് പൈലറ്റിന്റെ ചരമ വാർഷികമായ ജൂൺ 11ന് പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്. ‘പ്രഗതിശീൽ കോൺഗ്രസ്’ എന്നാണ് പുതിയ പാർട്ടിയുടെ പേരെന്നാണ് വിവരം.
മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിനും തമ്മിലുള്ള അധികാര തർക്കത്തിലെ ഭിന്നത പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് പലവട്ടം ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം 29ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുൻകൈ എടുത്ത് ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിക്കുകയും പ്രശ്നം തീർന്നതായി നേതൃത്വം അവകാശപ്പെടുകയും ചെയ്തിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുമെന്നും അറിയിച്ചിരുന്നു.
രാജസ്ഥാനിൽ ഡിസംബറിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സ്ഥാപനമായ ഐപാക് ആണ് സച്ചിന്റെ പാർട്ടിയുടെ രൂപീകരണത്തിന് സഹായിക്കുന്നതെന്നാണ് വിവരം. മെയ് 15ന് അജ്മീറിൽ നിന്ന് ജയ്പൂർ വരെ സച്ചിൻ നടത്തിയ പദയാത്രാ സമാപനത്തിൽ ഗെലോട്ട് സർക്കാരിന് മുമ്പാകെ സച്ചിൻ മൂന്ന് ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്.
വസുന്ധര രാജെ സർക്കാരിലെ അഴിമതിക്കെതിരെ നടപടി, രാജസ്ഥാൻ പബ്ളിക് സർവീസ് കമ്മീഷൻ പുനഃസംഘടന, ചോദ്യക്കടലാസ് ചോർച്ചാ പ്രശ്നത്തിൽ ഉദ്യോഗാർഥികൾക്ക് നഷ്ടപരിഹാരം എന്നിവയായിരുന്നു അത്. ഹൈക്കമാൻഡുമായി നടത്തിയ ഒത്തുത്തീർപ്പ് ചർച്ചയിലും സച്ചിൻ ഈ ആവശ്യങ്ങളായിരുന്നു മുന്നോട്ട് വെച്ചത്. നടപടിയില്ലെങ്കിൽ സംസ്ഥാനവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
Most Read: ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ സംഘം ഇന്ന് ബാലസോറിൽ- പരിശോധന നടത്തും








































