ബാലസോർ: ട്രെയിൻ ദുരന്തമുണ്ടായ ഒഡീഷ ബാലസോറിൽ സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും. അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ബാലസോറിൽ ഉന്നത റെയിൽവേ ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതേസമയം, ദുരന്തത്തിൽ ബാഹ്യയിടപെടൽ ഉണ്ടായിട്ടുണ്ടെന്ന തരത്തിലാണ് റെയിൽവേ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
മെയിൻ ലൈനിലേക്ക് ഗ്രീൻ സിഗ്‌നൽ ലഭിക്കുമ്പോഴും, ട്രാക്ക് ലൂപ്പ് ലൈനിലേക്ക് തിരിച്ചു വെച്ചതിലും ബാഹ്യ ഇടപെടൽ ഉണ്ടോയെന്നാണ് റെയിൽവേ പോലീസ് സംശയിക്കുന്നത്. അതേസമയം, അപകടത്തിൽ മരണപ്പെട്ടവരിൽ 180 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതിൽ 150 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. 275 പേരാണ് ട്രെയിൻ ദുരന്തത്തിൽ മരിച്ചതെന്നാണ് ഔദ്യോഗിക വിവരം.
തിരിച്ചറിയാത്ത മൃതദേഹങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്‌നറുകൾ സജ്‌ജമാക്കും. നിലവിൽ ഭുവനേശ്വർ എയിംസ് അടക്കം ആറ് ആശുപത്രികളിലായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഭുവനേശ്വർ എയിംസിൽ ഡിഎൻഎ പരിശോധനാ കേന്ദ്രം തുടങ്ങിയിട്ടുണ്ട്. കാണാതായവരുടെ ബന്ധുക്കൾ പരിശോധനക്കായി ഡിഎൻഎ സാമ്പിൾ നൽകണം.
Most Read: ‘സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ല’; ജോലിക്കൊപ്പം പോരാട്ടം തുടരുമെന്ന് സാക്ഷി മാലിക്