ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണ കേസിൽ അറസ്‌റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്‌തി താരങ്ങളുടെ സമരത്തിൽ നിന്ന് പിൻമാറിയെന്ന വാർത്ത തെറ്റെന്ന് സാക്ഷി മാലിക്. സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സാക്ഷി ട്വിറ്ററിൽ കുറിച്ചു.
സമരത്തിൽ മുൻനിരയിൽ ഉണ്ടായ സാക്ഷി മാലിക്, തിരികെ ജോലിയിൽ പ്രവേശിച്ചതോടെ സമരത്തിൽ നിന്ന് താരം പിൻമാറിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായാണ് സാക്ഷി രംഗത്തെത്തിയിരിക്കുന്നത്.
നീതിക്ക് വേണ്ടി ജോലിക്കൊപ്പം പോരാട്ടം തുടരുമെന്ന് സാക്ഷി മാലിക് വ്യക്‌തമാക്കി. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും താരം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷായുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സാക്ഷി മാലിക് തിരികെ ജോലിയിൽ പ്രവേശിച്ചത്. നോർത്തേൺ റെയിൽവേയിൽ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്‌ഥയാണ് സാക്ഷി മാലിക്.
വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവരും തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ഗുസ്‌തി താരങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് അമിത് ഷാ താരങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു. താരങ്ങൾ തങ്ങളുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശനിയാഴ്‌ച അമിത് ഷാ താരങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയത്.
Most Read: അരിക്കൊമ്പനെ വീണ്ടും പിടിച്ചത് വേദനാജനകം; ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ