പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. രാവിലെ ആറ് മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. എസ്കവേറ്റർ ഓപ്പറേറ്റർ പത്തനംതിട്ട സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. മൂന്ന് അതിഥി തൊഴിലാളികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർക്കായി തിരച്ചിൽ നടത്തുകയാണ്.
വാഹനത്തിനുള്ളിൽ കുടുങ്ങി കത്തി കരിഞ്ഞ നിലയിലായിരുന്നു അരവിന്ദിന്റെ മൃതദേഹം. ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ ഫർണസിനകത്ത് പെട്ടതാണെന്നാണ് കരുതുന്നത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എത്രപേർ കമ്പനിയിൽ ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല.
കൂടുതൽ ആളുകൾ ഉണ്ടോയെന്ന് തിരച്ചിൽ നടത്തുകയാണ്. അപകടകാരണം എന്തെന്ന് പരിശോധിച്ചു വരികയാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച അരവിന്ദ് രണ്ടു മാസം മുമ്പാണ് ഇവിടേക്ക് ജോലിക്കെത്തിയത്. പത്തനംതിട്ട ഓമല്ലൂർ രാമവിലാസം പ്രദീഷിന്റേയും രാജശ്രീയുടെയും മകനാണ്.
Most Read: പ്ളസ് ടു കോഴക്കേസ്; കെഎം ഷാജിക്ക് എതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി








































