21 ഗ്രാംസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെഎൻ നിർമിച്ചു, മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ സിനിമ ‘ഫീനിക്സ്’ ന്റെ ചിത്രീകരണം പൂർത്തിയായി.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചു മിഥുൻ തന്നെയാണ് പാക്കപ്പ് വിവരം അറിയിച്ചിരിക്കുന്നത്. വിഷ്ണു ഭരതനാണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഹൊറർ ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആൽബിയാണ്. കണ്ണൂർ, തലശേരി, മാഹി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം നടന്നത്.
അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഏറെ നിഗൂഢത ജനിപ്പിക്കുന്ന ഫീനിക്സിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു.
മലയാള സിനിമാ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച സൂപ്പർഹിറ്റ് ചിത്രം ‘അഞ്ചാം പാതിര’യുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് എന്നത് തന്നെയാണ് പ്രേക്ഷകർക്ക് ലഭിക്കുന്ന ഏക പ്രതീക്ഷ. ‘ഫീനിക്സ്’ ന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു.

സാം സിഎസ് ആണ് സംഗീത സംവിധായകൻ. പ്രൊഡക്ഷൻ ഡിസൈനർ-ഷാജി നടുവിൽ, എഡിറ്റർ- നിതീഷ് കെടിആർ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറകാട്ടിരി, ഗാനരചന-വിനായക് ശശികുമാർ, മേക്കപ്പ്-റോണെക്സ് സേവ്യർ, കോസ്റ്റ്യൂം- ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ്- രാഹുൽ ആർ ശർമ, പിആർഒ- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- റിച്ചാർഡ് ആന്റണി എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.
Most Read: വിമാനത്തിൽ പറക്കാൻ ഇനി പേടിവേണ്ട; കൂട്ടിനായി ‘മോറിസ്’ ഉണ്ട്








































