സാധാരണ രൂപത്തിൽ നിന്ന് വ്യത്യസ്‌തമായി ചക്ക വിരിഞ്ഞതിന്റെ കൗതുകത്തിലാണ് മലപ്പുറത്തെ അങ്ങാടിപ്പുറം നിവാസികൾ. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു ചിരിക്കുന്ന മനുഷ്യന്റെ മുഖമുള്ള ചക്ക. മനുഷ്യന് ഉള്ള പല്ല്, കണ്ണ്, മൂക്ക് എല്ലാമുണ്ട് ഈ ചക്കക്കും. ഏറെ കൗതുകം നിറഞ്ഞ ഈ ചക്ക വിരിഞ്ഞത് പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലമ്പൂരിനടുത്ത് മീൻകുളത്തി കാവ് ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പച്ചീരി വാസുദേവന്റെ വീട്ടിലാണ്.
ഈ ചക്കയുടെ ചിത്രം ഇപ്പോൾ ‘സൂര്യമാനസം’ എന്ന പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം വൈറലായതോടെ നിരവധിപ്പേരാണ് ചക്ക കാണാനും വിശേഷങ്ങൾ അറിയാനും വാസുദേവന്റെ വീട്ടിൽ എത്തുന്നത്. പച്ചീരി വാസുദേവന്റെ വീട്ടിൽ 20 കൊല്ലം മുൻപ് നട്ട പ്ളാവിലാണ് ഈ അൽഭുത ചക്ക വിരിഞ്ഞത്. ചിരിക്കുന്ന ഒരു മനുഷ്യന്റെ മുഖമാണ് ചക്കയുടെ രൂപമെന്ന് വീട്ടുകാർ പറയുന്നു.
കണ്ണും പല്ലും മൂക്കുമെല്ലാം മനുഷ്യന്റെ പോലെ തന്നെ സമാനരീതിയിൽ യഥാക്രമം ഉണ്ട്. ചക്കയുടെ വലിപ്പം കൂടുന്നതിനനുസരിച്ചു ചക്കയുടെ പല്ലും കണ്ണുമൊക്കെ പുറംതള്ളി വരാൻ തുടങ്ങിയതോടെയാണ് വീട്ടുകാർക്കും ഇത് വലിയ കൗതുകമായത്. 20 കൊല്ലം മുൻപ് നട്ട ഈ പ്ളാവിൽ കഴിഞ്ഞ നാല് വർഷമായി യഥേഷ്‌ടം ചക്ക കായ്‌ക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനൊരു പ്രതിഭാസം ഉണ്ടാകുന്നതെന്ന് വീട്ടുകാർ പറയുന്നു. ഈ ചക്കയ്‌ക്ക് ഇപ്പോൾ ആരാധകർ ഏറെയാണ്.
Most Read: ‘രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ എറിയും’; സമരം കടുപ്പിച്ചു ഗുസ്‌തി താരങ്ങൾ