ന്യൂഡെൽഹി: ബ്രിജ് ഭൂഷണെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കടുത്ത സമരങ്ങളിലേക്ക് കടന്നു ഗുസ്‌തി താരങ്ങൾ. അന്താരാഷ്‌ട്ര മൽസരങ്ങളിൽ അടക്കം രാജ്യത്തെ പ്രതിനിധീകരിച്ചു നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ഗുസ്‌തി താരങ്ങൾ അറിയിച്ചു. ഇന്ന് വൈകിട്ട് ആറുമണിക്ക് ഹരിദ്വാറിൽ വെച്ച് മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നാണ് താരങ്ങൾ അറിയിച്ചിരിക്കുന്നത്.
മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ സമരമിരിക്കും. അനിശ്‌ചിതകാല നിരാഹാര സമരമാണ് ആരംഭിക്കുന്നത്. തങ്ങൾ കഠിനാധ്വാനം ചെയ്‌ത് നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങൾ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് ഒപ്പം നിൽക്കണോ പീഡിതർക്കൊപ്പം നിൽക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടേയെന്നും ഗുസ്‌തി താരങ്ങൾ പറഞ്ഞു.
‘ഈ മെഡലുകൾ ഞങ്ങളുടെ ജീവിതമാണ്. ആത്‌മാവാണ്. വിയർപ്പൊഴുക്കി നേടിയ മെഡലുകൾക്ക് വിലയില്ലാതായി. വൈകിട്ട് ആറിന് ഹരിദ്വാറിൽ വെച്ച് ഞങ്ങളുടെ മെഡലുകൾ ഗംഗയിലേക്ക് എറിയും. ശേഷം ഇന്ത്യാ ഗേറ്റിൽ ഞങ്ങൾ അനിശ്‌ചിതകാല നിരാഹാര സമരം തുടങ്ങും’- ബജ്റംഗ് പുനിയ പറഞ്ഞു. ആത്‌മാഭിമാനം പണയംവെച്ചു ജീവിക്കാനില്ലെന്നും സമാധാനപരമായി സമരം ചെയ്‌തിട്ടും കുറ്റവാളികളോടെന്ന പോലെയാണ് പോലീസ് പെരുമാറിയതെന്നും താരങ്ങൾ പറയുന്നു.
ബലം പ്രയോഗിച്ചാണ് പോലീസ് അറസ്‌റ്റ് ചെയ്‌തതെന്ന് പുനിയ വ്യക്‌തമാക്കി. സുരക്ഷാ കാരണങ്ങളാൽ ജന്തർ മന്ദറിൽ സമരം തുടരാൻ അനുവദിക്കില്ലെന്നും നഗരത്തിലെ മറ്റൊരു സ്‌ഥലം സമരത്തിന് വേണ്ടി അനുവദിക്കാമെന്നും ഡെൽഹി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ താരങ്ങളുടെ സമരവേദി ഡെൽഹി പോലീസ് പൂർണമായും പൊളിച്ചു മാറ്റിയിരുന്നു. സംഘർഷത്തിൽ ഗുസ്‌തി താരങ്ങൾക്ക് എതിരെ പോലീസ് കെസെടുത്തിട്ടുണ്ട്.
കലാപശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, കൃത്യനിർവഹണം തടസപ്പെടുത്താൻ, ഉദ്യോഗസ്‌ഥൻ പ്രഖ്യാപിച്ച ഉത്തരവ് ലംഘിക്കുക, സ്വമേധയാ ഉദ്യോഗസ്‌ഥരെ ആക്രമിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ മുൻനിര താരങ്ങളെയെല്ലാം പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. അതേസമയം, ഗുസ്‌തി താരങ്ങളുടെ ഹരജി പോക്‌സോ കോടതിയിലേക്ക് മാറ്റണമെന്ന ഹരജിയിൽ ഡെൽഹി ഹൈക്കോടതി രജിസ്‌ട്രാർക്കും ഡെൽഹി സർക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്. ജൂലൈ ആറിന് ഹരജി കോടതി വീണ്ടും പരിഗണിക്കും.
Most Read: ഇനി മുതൽ മാസംതോറും വൈദ്യുതി നിരക്ക് കൂടും; സർചാർജ് പിരിക്കാൻ അനുമതി