ചെന്നൈ: ഐഎസ്ആർഒയുടെ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നും ഇന്ന് രാവിലെ 10.42ന് ആണ് ഉപഗ്രഹവും വഹിച്ചുകൊണ്ട് ജിഎസ്‌എൽവി എഫ് 12 കുതിച്ചുയർന്നത്. ജിഎസ്‌എൽവി റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം 251.52 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചത്.
ദൗത്യം 20 മിനിറ്റിനുള്ളിൽ പൂർത്തിയായി. അഹമ്മദാബാദ് ആസ്‌ഥാനമായുള്ള സ്‌പേസ് ആപ്ളിക്കേഷൻസ് സെന്റർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റുബീഡിയം ആറ്റമിക് ക്ളോക്കും ഉപഗ്രഹത്തിൽ ഉണ്ട്. സ്‌ഥാന നിർണയം, നാവിഗേഷൻ, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാൻ ഐഎസ്‌ആർഒ വികസിപ്പിച്ച ഏഴ് ഉപഗ്രഹങ്ങളുടെ സംവിധാനമാണ് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്‌റ്റലേഷൻ (നാവിക്). ഈ സംഘത്തിലേക്കാണ് എൻവിഎസ് 01 എത്തുന്നത്.
ഈ വിഭാഗത്തിലെ നാവിഗേഷൻ ഉപഗ്രഹമായിരുന്ന ഐആർഎൻഎസ്‌എസ് –1ജി കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് എൻവിഎസ് 01 വിക്ഷേപിച്ചത്. നാവിക് ശ്രേണിക്കായി വിഭാവനം ചെയ്‌തിരിക്കുന്ന രണ്ടാം തലമുറ ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണിത്. പൊതുജനങ്ങൾക്ക് ജിപിഎസിന് സമാനമായി സ്‌റ്റാൻഡേർഡ് പൊസിഷൻ സർവീസ് (എസ്‌പിഎസ്) സേവനം നൽകുന്നത് നാവിക് ആണ്. ഇന്ത്യയും രാജ്യത്തിന്റെ അതിർത്തിയിൽ നിന്ന് 1500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും നാവിക്കിന്റെ പരിധിയിൽ വരും.
Most Read: ചുട്ടുപൊള്ളുന്ന ചൂട്; ചെരുപ്പ് വാങ്ങാൻ പണമില്ല- കുട്ടികളുടെ കാൽ പ്ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ് ഒരമ്മ