ബെംഗളൂരു: കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായി. മുഖ്യമന്ത്രി സ്‌ഥാനം നേടിയെടുത്തതിന് പിന്നാലെ കർണാടക സർക്കാരിലെ സുപ്രധാന വകുപ്പുകളിൽ അടക്കം സിദ്ധരാമയ്യ മേൽക്കൈ നേടി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കാണ്. ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാറിന് സുപ്രധാന വകുപ്പുകൾ ഒന്നും തന്നെയില്ല. ജലസേചനം, ബെംഗളൂരു നഗരവികസനം എന്നീ വകുപ്പുകളാണ് ഡികെയ്‌ക്ക് നൽകിയിരിക്കുന്നത്.
ഇന്റലിജൻസ് ഒഴികെ ആഭ്യന്തര വകുപ്പ് ജി പരമേശ്വരക്കാണ് നൽകിയത്. വ്യവസായ വകുപ്പ് എംബി പാട്ടീലിനും റവന്യൂ വകുപ്പ് കൃഷ്‌ണ ബൈര ഗൗഡയ്‌ക്കും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് എസ്‌എസ് മല്ലികാർജുനും നൽകി. ലക്ഷ്‌മി ഹെബ്ബാൾക്കർ മാത്രമാണ് പുതിയ മന്ത്രിസഭയിലെ ഏക വനിതാ സാന്നിധ്യം. വനിതാ ശിശുക്ഷേമ വകുപ്പാണ് ഇവർക്ക് നൽകിയത്.
മധു ബംഗാരപ്പയ്‌ക്ക് വിദ്യാഭ്യാസ വകുപ്പും സമീർ അഹമ്മദ് ഖാന് ന്യൂനപക്ഷ വകുപ്പും ദിനേശ് ഗുണ്ടുറാവുവിന് ആരോഗ്യം- കുടുംബക്ഷേമ വകുപ്പും നൽകി. മലയാളിയായ കെജി ജോർജിന് ഊർജവകുപ്പും നൽകി. മന്ത്രിമാരുടെ തിരഞ്ഞെടുക്കുന്നതിലും, വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിൽ കടുത്ത ഭിന്നാഭിപ്രായം നിലനിന്നിരുന്നതായാണ് റിപ്പോർട്ടുകൾ.
ഇത്തവണയും ശിവകുമാറിനെ മറികടന്ന് മന്ത്രിസഭാ രൂപീകരണത്തിലും സിദ്ധരാമയ്യയുടെ അഭിപ്രായങ്ങൾക്കാണ് ഹൈക്കമാൻഡ് കൂടുതൽ പ്രാധാന്യം നൽകിയത്. ഇരുവരും മന്ത്രിസഭയിലേക്ക് തങ്ങളുടെ അനുയായികളെ തിരുകി കയറ്റാൻ ശ്രമിച്ചതാണ് ഭിന്നതക്ക് കാരണമായത്. ഇതോടെ ഹൈക്കമാൻഡ് ഇടപെട്ട് ഡെൽഹിയിൽ നടന്ന ചർച്ചയിലാണ് വകുപ്പ് വിഭജനത്തിലും മറ്റും അന്തിമ തീരുമാനമായത്.
Most Read: അരിക്കൊമ്പൻ ചുരുളിക്ക് സമീപം; നിരീക്ഷണം തുടർന്ന് തമിഴ്‌നാട് വനംവകുപ്പ്