തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും വലിയ വികസന സ്വപ്നമായ ശബരിമല വിമാനത്താവള പദ്ധതിയുടെ സാമൂഹികാഘാത അന്തിമറിപ്പോർട് പ്രസിദ്ധീകരിച്ചു. പദ്ധതി 579 കുടുംബങ്ങളെ ബാധിക്കുമെന്നാണ് പഠനറിപ്പോർട്ടിൽ പറയുന്നത്. ചെറുവള്ളി എസ്റ്റേറ്റിലെ താമസക്കാരായ കുടുംബങ്ങൾക്ക് പുറമെ എസ്റ്റേറ്റിന് പുറത്തുള്ള 362 കുടുംബങ്ങളെയും പദ്ധതി ബാധിച്ചേക്കും.
ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തണം, ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികൾക്കായി സ്പെഷ്യൽ പാക്കേജ് നടപ്പിലാക്കണമെന്നും നിർദ്ദേശമുണ്ട്. പദ്ധതി പരോക്ഷമായി ബാധിക്കുന്നവർക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും പഠന റിപ്പോർട് മുന്നോട്ട് വെക്കുന്നുണ്ട്. റിപ്പോർട്ടിൻമേൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി രണ്ടാഴ്ചക്കകം വിശദമായ പരിശോധന തുടങ്ങും.
പ്രദേശത്തെ ആരാധനാലയങ്ങൾ മാറ്റി സ്ഥാപിക്കാനും അർഹമായ നഷ്ടപരിഹാരം കൊടുക്കാനും നടപടികൾ കൈക്കൊള്ളണമെന്നും പഠനത്തിൽ പറയുന്നുണ്. 149 വാർക്ക കെട്ടിടങ്ങൾ, 74 ഷീറ്റിട്ട കെട്ടിടങ്ങൾ, 30 ഓടിട്ട കെട്ടിടങ്ങൾ എന്നിവയെ പൂർണമായും 6 വാർക്ക കെട്ടിടങ്ങൾ ഒരു ഷീറ്റിട്ട കെട്ടിടം ഒരു ഓടിട്ട കെട്ടിടത്തെയും ഭാഗികമായും പദ്ധതി ബാധിക്കും. പൊതുജനങ്ങൾക്ക് സെന്റർ ഫോർ മാനേജ്മെന്റിന്റെ വെബ്സൈറ്റിൽ അന്തിമ റിപ്പോർട് പരിശോധിക്കാവുന്നതാണ്.
എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കർ സ്ഥലം ഏറ്റെടുക്കും. 3500 മീറ്റർ നീളമുള്ള റൺവേ അടക്കം മാസ്റ്റർ പ്ളാൻ അംഗീകരിച്ചിട്ടുണ്ട്. പദ്ധതിക്ക് കേന്ദ്ര പാർലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച നൽകുന്നതാണ് പദ്ധതിയെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
Most Read: ‘വർഗീയ ശക്തികൾക്ക് എതിരായ പോരാട്ടം തുടങ്ങി, പാർട്ടിയെ വീണ്ടെടുക്കും’; ശരത് പവാർ