ന്യൂഡെൽഹി: 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി രൂപീകരിച്ച പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) നാളെ യോഗം ചേരും. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിലാണ് യോഗം ചേരുക. പാർലമെന്റിൽ മണിപ്പൂർ അടക്കമുള്ള വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാട് യോഗം ചർച്ച ചെയ്യും.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ തുടങ്ങി 26 പാർട്ടികളും സംയുക്‌തമായി ഒരു പൊതുമിനിമം അജണ്ട മുന്നോട്ട് വച്ച് ഒറ്റ സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 തിരഞ്ഞെടുപ്പിനെ മോദിയും ഇന്ത്യയും തമ്മിലുള്ള പോരാട്ടമെന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. പ്രതിപക്ഷ നേതൃനിരയുടെ ഏകോപനത്തിനായി 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഇതിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യം അടുത്ത യോഗത്തിൽ ചർച്ചയാകും. അടുത്ത പ്രതിപക്ഷ നേതൃസംഗമം മുംബൈയിൽ വെച്ചാണ് നടക്കുകയെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തെ ജയിക്കാൻ ധൈര്യമുണ്ടോ എന്നാണ് പശ്‌ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്.
Most Read: ‘ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ നികത്താനാവത്ത നഷ്‌ടം’; അനുസ്‌മരണത്തിൽ മുഖ്യമന്ത്രി