ന്യൂഡെൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിർണായക നീക്കം. സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലം സമർപ്പിച്ചു. പരാതിക്കാരനെതിരെ നിരവധി കാര്യങ്ങളാണ് രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പരാതിക്കാരൻ നിയമത്തെ ദുരൂപയോഗം ചെയ്യുന്നു. തന്നെ മാപ്പ് പറയാനായി നിർബന്ധിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ രാഹുൽ സുപ്രീം കോടതിയെ അറിയിച്ചു.
മാത്രമല്ല, കീഴ്‌ക്കോടതി വിധികൾക്കെതിരെയും രാഹുൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കീഴ്‌ക്കോടതി നടപടികൾ മുൻകാല സുപ്രീം കോടതി വിധികൾക്ക് വിരുദ്ധമെന്നാണ് രാഹുൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേസ് പരിഗണിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കേയാണ് രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. അതേസമയം, അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്‌റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപ്പീലിൽ തീരുമാനം നീളുകയാണ്.
കേസ് ജൂലായ് 21ന് പരിഗണിച്ച കോടതി, രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ സ്‌റ്റേ അനുവദിച്ചിട്ടില്ല. എന്നാൽ, പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും നോട്ടീസയച്ചിരുന്നു. പത്ത് ദിവസത്തിനകം മറുപടി നൽകണമെന്നാണ് സുപ്രീം കോടതി വ്യക്‌തമാക്കിയത്. ഓഗസ്‌റ്റ് നാലിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്‌തമാക്കിയാണ് പരാതിക്കാരനോടും ഗുജറാത്ത് സർക്കാരിനോടും മറുപടി ആവശ്യപ്പെട്ടത്.
Most Read| താനൂർ കസ്‌റ്റഡി മരണം; ആരോപണ വിധേയരായ പോലീസുകാർക്ക് സസ്‌പെൻഷൻ







































