കോഴിക്കോട്: ജില്ലയിൽ മരിച്ച രണ്ടുപേർക്ക് നിപ സ്ഥിരീകരിച്ചതായുള്ള പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം വന്നിട്ടില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ചികിൽസയിൽ ഉള്ളവരുടെ വിവരങ്ങൾ പുറത്തുവിട്ടു ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് മൂന്ന് പേർ കൂടി ചികിൽസ തേടി. എല്ലാവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി മുഹമ്മദ് റിയാസും അറിയിച്ചു.
കോഴിക്കോട് നടന്ന അവലോകന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. മരിച്ച മരുതോങ്കര സ്വദേശിയുടെ സമ്പർക്കത്തിലുള്ള നാല് പേരും ആയഞ്ചേരി സ്വദേശിയുടെ സമ്പർക്കത്തിലുള്ള മൂന്ന് പേരുമാണ് ചികിൽസയിലുള്ളത്. ആകെ 168 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യ കേസിൽ 158 പേരുണ്ട്. ഇവരിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്. സിസിടിവി ദൃശ്യങ്ങൾ നോക്കി സമ്പർക്ക പട്ടിക വിപുലീകരിക്കും.
രണ്ടാമത്തെ കേസിൽ സമ്പർക്കത്തിലുള്ള പത്ത് പേരെ തിരിച്ചറിഞ്ഞു. ഫലം പോസിറ്റീവായാൽ റൂട്ട് മാപ്പ് പുറത്തിറക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നാളെ കേന്ദ്ര സംഘം എത്തിയതിന് ശേഷം വവ്വാലുകളുടെ ആവാസ കേന്ദ്രത്തിൽ പരിശോധന നടത്തും. ആകെ മൂന്ന് സംഘങ്ങളാണ് നാളെ എത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ രണ്ടുപേർക്ക് നിപ വൈറസ് സ്ഥിരീകരിച്ചെന്നതിൽ ആശങ്ക നിലനിൽക്കുകയാണ്. കോഴിക്കോട് മരിച്ച രണ്ടുപേർക്ക് പൂനെയിലെ വൈറോളജി ലാബിൽ നിപ സ്ഥിരീകരിച്ചെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. സ്ഥിതി വിലയിരുത്താൻ കേന്ദ്ര സംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
എന്നാൽ, ഇതിന് വ്യക്തത വരുത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. നിപ സ്ഥിരീകരിച്ചതായുള്ള പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. നിപ സംശയിക്കുന്നവരുടെ വിവരം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇക്കാര്യമാകാം കേന്ദ്രമന്ത്രി പറഞ്ഞതെന്നാണ് ആരോഗ്യമന്ത്രി പ്രതികരിച്ചത്.
Most Read| ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം ജിഎസ്ടി; വാർത്തകൾ നിഷേധിച്ചു നിതിൻ ഗഡ്കരി








































