കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ലോ കോളേജിൽ കെഎസ്‌യു പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്ഐ പ്രവർത്തകരായ ശ്യാം കാർത്തിക്, റിതിക്, അബിൻ രാജ്, ഇനോഷ്, ഇസ്‌മായിൽ, യോഗേഷ് എന്നിവർക്കെതിരെയാണ് ചേവായൂർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ഇവർക്കെതിരെ വധശ്രമം, സംഘം ചേർന്ന് മർദ്ദിക്കാൻ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനത്തിൽ പ്രതിഷേധിച്ചു കെഎസ്‌യു ഇന്ന് കോളേജിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. നവംബറിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംഘർഷം നിലനിൽക്കുന്ന വെള്ളിമാടുകുന്ന് കോളേജിൽ രണ്ടാം വർഷ വിദ്യാർഥി കൂടിയായ കെഎസ്‌യു യൂണിറ്റ് ഭാരവാഹി സഞ്‌ജയ് ജസ്‌റ്റിനാണ് ഇന്നലെ മർദ്ദനമേറ്റത്.
തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ജസ്‌റ്റിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പോലീസ് എത്തിയതറിഞ്ഞു അക്രമികളായ വിദ്യാർഥികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ജസ്‌റ്റിനെ മർദ്ദിക്കുന്നതിന്റെ മൊബൈൽ ഫൈൻ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. ഈ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ക്ളാസ് ആരംഭിച്ചതിന് ശേഷമായിരുന്നു ആക്രമണം. സംസാരിക്കാൻ ഉണ്ടെന്ന് അറിയിച്ചു ജസ്‌റ്റിനെ രണ്ടുപേർ ക്‌ളാസിന് പുറത്തേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് വരാന്തയിൽ പത്തിലേറെ വിദ്യാർഥികൾ തടഞ്ഞു വെച്ച് ചോദ്യം ചെയ്‌തു. ഇതിനിടയിൽ പ്രകോപനമില്ലാതെ ചില വിദ്യാർഥികൾ കൂട്ടം ചേർന്ന മർദ്ദിക്കുകയായിരുന്നു. തുടർന്ന് കെഎസ്‌യു പ്രവർത്തകർ എത്തിയാണ് ജസ്‌റ്റിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.
Most Read| കൊച്ചി മെട്രോ ഇനി തൃപ്പുണിത്തുറയിലേക്ക് കുതിക്കും; പരീക്ഷണ ഓട്ടം ഇന്ന് മുതൽ







































